തൃശൂർ: സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിലെ അനർഹരെ കണ്ടെത്താൻ അർഹതാ മാനദണ്ഡങ്ങളിൽ വീണ്ടും മാറ്റം. തുടർച്ചയായുള്ള പരിഷ്‌കരണം ഉദ്യോഗസ്ഥർക്കും ഗുണഭോക്താക്കൾക്കും കീറാമുട്ടിയായി. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ പലതവണ പരിശോധന നടത്തിയെങ്കിലും അനർഹരെ ഗുണഭോക്തൃ പട്ടികയിൽ നിന്നൊഴിവാക്കാൻ കഴിയാത്തതാണ് ഇടയ്ക്കിടെ മാനദണ്ഡം പരിഷ്‌കരിക്കുന്നത്. ഗുണഭോക്താവിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടി അർഹതാ മാനദണ്ഡമാക്കണമെന്ന മൂന്ന് മാസം മുമ്പുള്ള ഉത്തരവിലെ ആശയക്കുഴപ്പം മാറ്റാനാണ് കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ ഉത്തരവിലും ആശയക്കുഴപ്പമുണ്ട്.
പുതിയ ഉത്തരവ്
പുതിയ അപേക്ഷകരുടെയും ഗുണഭോക്താക്കളുടെയും ഭൗതിക സാഹചര്യങ്ങൾ പരിഗണിക്കുന്നതിൽ വ്യക്തത വരുത്തിയാണ് പുതിയ ഉത്തരവ്. 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തണമുള്ളതും ആധുനിക രീതിയിൽ ഫ്‌ളോറിംഗ് നടത്തിയിട്ടുള്ളതും കോൺക്രീറ്റ് ചെയ്തതുമായ കെട്ടിടങ്ങൾ ഉള്ളവർ, താമസിക്കുന്ന വീട്ടിൽ എ.സി. സൗകര്യമുള്ളവർ, കുടുംബത്തിൽ 1000 സി.സിയിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള എ.സി. വാഹനങ്ങൾ ഉള്ളവർ എന്നിവർ മികച്ച ഭൗതിക സാഹചര്യം ഉള്ളവരുടെ വിഭാഗത്തിൽപ്പെടും. ഇവർ പെൻഷൻ വാങ്ങാൻ അർഹരല്ല. ഇവരെല്ലാം പട്ടികയിൽ നിന്ന് പുറത്താകും. അതേ സമയം കുടുംബ വാർഷിക വരുമാനം കണക്കാക്കുമ്പോൾ വിവാഹിതരായ മക്കളുടെ വരുമാനം കണക്കിലെടുക്കേണ്ടെന്നും നിർദ്ദേശമുണ്ട്്. നേരത്തെ നിരവധി തവണ അർഹതാ മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റം മൂലം ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്തായവർ ഇനി അകത്താകും. അകത്തായവർ പുറത്താകാനും സാദ്ധ്യതയുണ്ട്. ആധുനിക രീതിയിൽ ഫ്‌ളോറിംഗ് നടത്തിയ വീടുള്ളവരെ ഒഴിവാക്കാനുള്ള നിർദ്ദേശത്തിൽ വ്യക്തതയില്ലാത്തത് ഉദ്യോഗസ്ഥരെ വലയ്ക്കും. പല രീതിയിലുള്ള ഫ്‌ളോറിംഗ് ഇപ്പോഴുണ്ട്. ഇതിൽ ഏതാണ് സർക്കാർ നിഷ്‌കർഷിക്കുന്ന ഫ്‌ളോറിംഗ് എന്നത് ഉദ്യോഗസ്ഥർക്കും നിശ്ചയമില്ല.
മാറുന്ന ഉത്തരവിന് അനുസരിച്ച് ഗുണഭോക്താക്കളുടെ ചോദ്യം ചെയ്യലിനും പരാതിക്കും മുഷിപ്പിനും വിധേയമാകുന്നത് ഉദ്യോഗസ്ഥരാണ്. ഇരട്ടിപ്പണിയാണ് ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും.
(ജില്ലയിലെ ഒരു പഞ്ചായത്ത് സെക്രട്ടറി)...
ജില്ലയിലെ പെൻഷൻ ഗുണഭോക്താക്കൾ 4,60,333