തൃശൂർ: ഒ.ഇ.സി സ്‌കോളർഷിപ്പ് പരിധി ഉയർത്തണമെന്നും ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയണമെന്നുമാവശ്യപ്പെട്ട് അഖില കേരള എഴുത്തച്ഛൻ സമാജം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ താലൂക്ക് ഓഫീസിനു മുന്നിൽ ധർണ നടത്തുമെന്ന് അഖില കേരള എഴുത്തച്ഛൻ സംസ്ഥാന പ്രസിഡന്റ് പി.ആർ. സുരേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾക്ക് പുറമെ ഉദ്യോഗ നിയമനത്തിൽ നിലനിൽക്കുന്ന പോരായ്മകളെ സർക്കാർ ഗൗരവ പൂർണമായി കാണണമെന്നും ദേവസ്വം ബോർഡ് നിയമനങ്ങളിലും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും സംവരണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസംബർ 19ന് തുഞ്ചൻ സമാധി ദിനം ആചരിക്കുമെന്നും ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 15ന് പതാക ദിനം ആഘോഷിക്കുമെന്നും എഴുത്തച്ഛന് സമാജം ജില്ലാ പ്രസിഡന്റ് കെ.കെ. ജയറാം പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ ടി. മേപ്പള്ളി, ട്രഷറർ ഗോവിന്ദനെഴുത്തച്ഛൻ, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് രാജി മോഹന്ദാസ് എന്നിവർ പങ്കെടുത്തു.