തൃശൂർ: കുട്ടികളുടെ സുരക്ഷയ്ക്കായി കർശന നടപടി കൈക്കൊള്ളുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. ടൗൺഹാളിൽ ബാലസൗഹൃദ ജില്ല വെബ്‌പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികളോടുള്ള വിവേചനവും അതിക്രമവും ഇല്ലാതാക്കാൻ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തും. ബാലസൗഹൃദ പദ്ധതി നടപ്പിലാക്കുന്നതിൽ തൃശൂർ മറ്റു ജില്ലകൾക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
ജില്ല ബാല സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഡാറ്റാ വിശകലനത്തിനും അവലോകനത്തിനുമായാണ് വെബ്‌പോർട്ടൽ. കിലയുടെ സഹകരണത്തോടെയാണ് ജില്ലയിലെ പൂജ്യം മുതൽ 18 വയസ് വരെയുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചത്. സോഫ്റ്റ് വെയർ രൂപകല്പന ചെയ്തത് തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജ് ആണ്. ജില്ലാ പഞ്ചായത്തും ജില്ലാതല ഐ.സി.ഡി.എസ് സെല്ലും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ അങ്കണവാടികൾക്കുള്ള വാട്ടർ ഫിൽറ്ററും എ.സിയും കോർപറേഷൻ മേയർ അജിത വിജയൻ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസ് ബാലസൗഹൃദ സന്ദേശം നൽകി