പാവറട്ടി: എളവള്ളി പഞ്ചായത്തിന്റെ മദ്ധ്യഭാഗത്തുകൂടി ഒഴുകുന്ന കൊച്ചിൻ ഫ്രെണ്ടിയോർ തോടിന്റെ കുറുകെയുള്ള കണ്ടപ്പൻചിറ ചീപ്പ് അടച്ചു കെട്ടി. അതിനാൽ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ പത്ത് വാർഡുകളിൽ ജലസമൃദ്ധി. കിണറുകളിൽ ജലനിരപ്പ് ഉയർന്നു. ചിറ്റാട്ടുകര സഹകരണ ബാങ്കാണ് രണ്ടു വർഷം തുടർച്ചയായി കണ്ടപ്പൻ ചീപ്പ് കെട്ടി സംരക്ഷിക്കുന്നത്. ചീപ്പ് സ്ഥിരം സംവിധാനം ഒരുക്കണമെന്ന് കർഷക സംഘം ചിറ്റാട്ടുകര മേഖലാ കമ്മിറ്റി ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കാക്കശ്ശേരി പാടശേഖരത്തിനും പടിഞ്ഞാറൻ മേഖലയിലെ തെങ്ങുകൃഷിക്കാർക്കും ഇത് സഹായകമാവും. കൊച്ചിൻ ഫ്രെണ്ടിയോർ തോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതിനാൽ നിലവിൽ ചീപ്പ് കെട്ടി സംരക്ഷിച്ച ജലാശയത്തിൽ മാലിന്യങ്ങളില്ല.
പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള തോട്ടിലെ മൺതിട്ടകൾ നീക്കം ചെയ്യുന്ന പണി തുടങ്ങുന്നതു വരെ ചീപ്പ് കെട്ടി സംരക്ഷിക്കാനാവുമെന്ന് ചിറ്റാട്ടുകര സഹകരണ ബാങ്ക് പ്രസിഡന്റ് ജിയോ ഫോക്‌സ് പറഞ്ഞു.