gvr-news-chembai-

ഗുരുവായൂർ: ഗുരുപവനപുരിയിൽ പതിനഞ്ച് രാപ്പകലുകൾ സംഗീതത്തിന്റെ പാലാഴി തീർക്കുന്ന ചെമ്പൈ സംഗീതോത്സവം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം മൃദംഗ വിദ്വാൻ ഡോ. ഉമയാൾപുരം കെ. ശിവരാമന് മന്ത്രി സമ്മാനിച്ചു. ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണപ്പതക്കവും 50,001 രൂപയും പ്രശസ്തി ഫലകവും പൊന്നാടയും അടങ്ങിയതാണ് പുരസ്‌കാരം. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗം കെ.കെ രാമചന്ദ്രൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. ഭരണസമിതി അംഗങ്ങളായ ഉഴമലയ്ക്കൽ വേണുഗോപാൽ, അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിർ തുടങ്ങിയവർ സംസാരിച്ചു.

ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, എ.വി പ്രശാന്ത്, എം. വിജയൻ, പി. ഗോപിനാഥ് എന്നിവർ സംബന്ധിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടന്ന സംഗീതസദസിൽ ടി.എസ് പട്ടാഭിരാമ പണ്ഡിറ്റിന്റെ കച്ചേരി അരങ്ങേറി. ഇന്ന് രാവിലെ ക്ഷേത്രം ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്രം തന്ത്രി സംഗീത മണ്ഡപത്തിലെ നിലവിളക്കിലേക്ക് പകർന്ന ശേഷമാണ് സംഗീതാർച്ചനകൾക്ക് തുടക്കമാവുക. 7 ന് രാവിലെ ഒമ്പതു മുതൽ പത്തുവരെയാണ് സംഗീതോത്സവത്തിലെ പ്രശസ്തമായ പഞ്ചരത്‌ന കീർത്തനാലാപനവിരുന്ന്. ഏകാദശി ദിനമായ 8 ന് രാത്രി ഒമ്പതോടെ സംഗീതഞ്ജൻ കെ. ജി ജയന്റെ നേതൃത്വത്തിൽ കേരളത്തിലെ സംഗീതജ്ഞർ ചേർന്ന് ചെമ്പൈയുടെ ഇഷ്ടകീർത്തനമായ കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ.... എന്ന കീർത്തനം ആലപിക്കുന്നതോടെ ചെമ്പൈ സംഗീതോത്സവത്തിന് സമാപനമാകും.