കൊടുങ്ങല്ലൂർ: മുസിരിസിലെ അതിപുരാതന നിർമ്മിതികളെയും മ്യൂസിയങ്ങളെയും ബന്ധിപ്പിച്ച് സൈക്കിൾ പാത നിർമ്മിക്കുന്നതിന്റെ ആദ്യപടിയായി മുസിരിസിൽ നിന്ന് ആലപ്പുഴയിലേക്ക് സൈക്കിൾ റാലി നടത്തി. കോട്ടപ്പുറത്തെ മുസിരിസ് ലേക്‌ഷോറിൽ അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ക്രാങ്കന്നൂർ പെഡലേഴ്സ്, മുസിരിസ് സൈക്ലിസ്റ്റ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ നൂറോളം സൈക്ലിംഗ് താരങ്ങളാണ് കൊടുങ്ങല്ലൂരിൽ നിന്നും ആലപ്പുഴയിലേക്ക് യാത്ര തിരിച്ചത്.

78 വയസുള്ള പ്രമുഖ സൈക്ലിസ്റ്റ് ജോസ്, പാരീസ് സൈക്ലിംഗ് മത്സരത്തിൽ പങ്കെടുത്ത ആദ്യത്തെ മലയാളി താരം ലെനിൻ, പൊലീസ് വകുപ്പിലെ ഷാജഹാൻ, ഐ.ടി എൻജിനീയറായ സന്തിത്ത് തണ്ടാണശ്ശേരി, തമിഴ്‌നാട് സ്വദേശി അരുൺ കൗശിക്, ബാഡ്മിന്റൺ താരം നാജുമുദ്ദീൻ എന്നീ പ്രമുഖർ പങ്കെടുത്തു.. ചടങ്ങിൽ കോട്ടപ്പുറം കായലിൽ മുങ്ങിത്താണ മൂന്ന് പേരുടെ ജീവൻ രക്ഷിച്ച എ.കെ ബാബു, എൻ.എ സുനിൽറാം, സി.എസ് സജി എന്നീ മുസിരിസ് ജീവനക്കാരെ എം.എൽ.എയും നഗരസഭ ചെയർമാൻ കെ.ആർ ജൈത്രനും ചേർന്ന് ആദരിച്ചു. മുസിരിസ് മാർക്കറ്റിംഗ് മാനേജർ അൻഷാദ് അലി, കൗൺസിലർ ജോണിക്കുട്ടൻ എന്നിവർ സംബന്ധിച്ചു. തീരദേശ മേഖല വഴി ഫോർട്ട് കൊച്ചി, അർത്തുങ്കൽ എന്നീ പ്രദേശങ്ങളിലൂടെയാണ് ആലപ്പുഴയിലേക്കുള്ള യാത്ര. തൃശൂർ ഓൺ എ സൈക്കിൾ, മാള ബൈക്കേഴ്സ് ക്ലബ്ബ്, തൃപ്രയാർ ബീച്ച് റൈഡേഴ്സ്, ചാവക്കാട് സൈക്കിൾ ക്ലബ്ബ്, കുന്നംകുളം പെഡൽ ക്ലബ്ബ്, ഇരിങ്ങാലക്കുട സൈക്ലിംഗ് ക്ലബ്ബ്, ആലപ്പി ബൈക്കേഴ്സ് ക്ലബ്ബ്, പറവൂർ ബൈക്കേഴ്സ് ക്ലബ്ബ്, ഇരിങ്ങാലക്കുട സ്‌പോർട്ടിംഗ് ക്ലബ്ബ് എന്നീ സൈക്ലിംഗ് സംഘടനകളും റാലിയിൽ പങ്കു ചേർന്നു.