മണ്ണുത്തി: ദേശീയപാത മുല്ലക്കരയിൽ നാലംഗ മുഖംമൂടി സംഘം വീട്ടുകാരെ ബന്ദികളാക്കി 32 പവൻ സ്വർണവും മുക്കാൽ ലക്ഷം രൂപയും കവർന്നു. അരമണിക്കൂറിനകം കടന്നുകളഞ്ഞ സംഘത്തെ തേടി പൊലീസ് കർണാടകയിലേക്കും ബംഗളൂരുവിലേക്കും തിരിച്ചു. മുല്ലക്കര മെയിൻ റോഡിൽ ആട്ടോക്കാരൻ വീട്ടിൽ ഹോമിയോ ഡോക്ടർ ക്രിസ്റ്റോയുടെ (46) വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
കൈയിൽ കമ്പിപ്പാരയും അരിവാളും കത്തിയുമായെത്തിയ സംഘം ആദ്യം വീടിന്റെ വാതിലുകൾ തകർത്ത് ഡോ. ക്രിസ്റ്റോയുടെ അമ്മയുടെ (63) മുറിയിലാണ് അക്രമികൾ കയറിയത്. ഡോക്ടറുടെ വീടിനോടു ചേർന്നുള്ള ക്ലിനികിന്റെ രണ്ടു വാതിലുകൾ തകർത്തു. വാതിൽ തകരുന്ന ശബ്ദം കേട്ടുണർന്ന അമ്മയുടെ അടുത്ത് കത്തിയുമായി ചെന്ന സംഘത്തിലെ രണ്ടുപേർ കഴുത്തിലെയും കൈയിലെയും സ്വർണാഭരണങ്ങൾ ഊരിവാങ്ങി. താഴത്തെ മുറിയിൽ കിടന്നുറങ്ങിയിരുന്ന ഡോക്ടറുടെ മകൻ ഏഴുവയസുകാരനെ കൂടെക്കൂട്ടിയാണ് മുകൾനിലയിലെ ഡോക്ടറുടെ മുറി തുറപ്പിച്ചത്. കിടപ്പറയ്ക്കു മുന്നിൽ നിന്നു മകൻ വിളിക്കുന്നതു കേട്ടു ഡോക്ടറും ഭാര്യയും പുറത്തുവരികയായിരുന്നു.
ഡോക്ടറുടെ മുറിയിലേക്കു ഇരച്ചുകയറിയ സംഘം ഡോക്ടറുടെ ഭാര്യയെ ആഞ്ഞുതള്ളി. കിടക്കയിൽ ചെന്നു വീണ ഇവരുടെ അടുത്തെത്തി സ്വർണാഭരണങ്ങൾ ഊരിനൽകാൻ ആവശ്യപ്പെട്ടു. ഡോക്ടറുടെ ദേഹത്തെ ആഭരണങ്ങളും അലമാരയിൽ നിന്നും പണവും സ്വർണവും കൈക്കലാക്കി. ഡോക്ടറുടെ മറ്റൊരുമകന്റെ കൈ ചെയിനും കൈക്കലാക്കി. വീട്ടിലെ സി.സി.ടി.വി. കാമറാ ദൃശ്യങ്ങൾ ശേഖരിക്കുന്ന ഹാർഡ് ഡിസ്‌ക് ഉൾപ്പെടെ സംഘം അടിച്ചുമാറ്റി. രാവിലെ അടുത്ത വീട്ടുകാരെ വിളിച്ചുവരുത്തിയാണ് മുറി തുറന്നു കുടുംബാംഗങ്ങൾ പുറത്തിറങ്ങിയത്. എ.സി.പിമാരായ വി.കെ രാജു, ശിവദാസൻ എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തി.
..............