തൃശൂർ : അഗ്‌നിശമന രക്ഷാസേന പ്രളയകാല പ്രവർത്തനം കൊണ്ട് ജന മനസിൽ പ്രതിഷ്ഠ നേടിയെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. വിയ്യൂർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് അക്കാഡമി ഗ്രൗണ്ടിൽ ലക്ഷദ്വീപ്, കേരള ഫയർമാന്മാരുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി. ലക്ഷദ്വീപ് 25, 28 ബാച്ച് ഫയർമാൻ ഡ്രൈവർ ഓപറേറ്റർമാരുടെയും കേരള 26, 27 ബാച്ച് ഫയർമാൻമാരുടെയും സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. അക്കാഡമിയിലെ നാലാമത്തെ പാസിംഗ് ഔട്ട് പരേഡാണിത്. കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിലേക്ക് 214 ഫയർമാൻമാരും ലക്ഷദ്വീപ് ഫയർ സർവീസസിലേക്ക് 17 ഫയർമാൻ ഡ്രൈവർ ഓപ്പറേറ്റർമാരും ഉൾപ്പെടെ 231 പേരാണ് വിജയകരമായി പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. വിവിധ പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടിയ പ്രിയൻ. സി ബെസ്റ്റ് ഔട്ട്‌ഡോർ കേരള, സുനിൽ കുമാർ. എസ് ബെസ്റ്റ് ഇൻഡോർ കേരള, രാകേഷ്. എസ്. മേനോൻ ബെസ്റ്റ് ആൾറൗണ്ടർ കേരള, മുഹമ്മദ് അലി ബെസ്റ്റ് ഓൾ റൗണ്ടർ ലക്ഷദ്വീപ് എന്നിവർക്കുള്ള പുരസ്‌കാര വിതരണം മന്ത്രി നിർവഹിച്ചു. മേയർ അജിത വിജയൻ, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രൻ, ടെക്‌നിക്കൽ ഡയറക്ടർ ആർ. പ്രസാദ്, അക്കാഡമി ഡയറക്ടർ പി. ദിലീപൻ, അസിസ്റ്റന്റ് ഡയറക്ടർ റെനി ലൂക്കോസ് തുടങ്ങിയവർ പങ്കെടുത്തു..