ഉറക്കം നഷ്ടപ്പെട്ട് ജനങ്ങളും പൊലീസും

തൃശൂർ : സ്വർണ്ണത്തിനും പണത്തിനും പിന്നാലെ ജീവനെടുക്കുന്ന കവർച്ചാ സംഘങ്ങൾ ജനത്തെ ഭീതിയാലാഴ്ത്തുന്നു. ഇരിങ്ങാലക്കുടയിൽ ഒരാഴ്ച മുമ്പ് വീട്ടമ്മയെ കഴുത്തറത്ത് കൊന്ന് സ്വർണം കവർന്നതിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് മണ്ണുത്തി മുല്ലക്കരയിൽ ഡോക്ടറുടെ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കവർന്നത്. ഇതിനു പിന്നാലെ ഗുരുവായൂർ ക്ഷേത്രപരിസരത്ത് വഴിയോരക്കച്ചവടം നടത്തുന്ന ഉത്തരേന്ത്യക്കാരെ പൊലീസ് ചമഞ്ഞെത്തിയ സംഘം ആക്രമിച്ച് പണവും സാധനങ്ങളും കവർന്നെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

എരുമപ്പെട്ടിയിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണവും പൊലീസിന്റെ ഉറക്കം കെടുത്തുകയാണ്. എതാനും വർഷം മുമ്പ് കമ്പം, തേനി മേഖലയിലുള്ള മോഷ്ടാക്കളിൽ കുറവന്മാർ എന്നറിയപ്പെട്ടിരുന്ന കവർച്ചാ സംഘം അവലംബിച്ചിരുന്നത് ആക്രമിച്ച് കവരുക എന്ന രീതിയായിരുന്നു.

എന്നാൽ തൃപ്രയാർ ക്ഷേത്ര കവർച്ചയുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണങ്ങളിൽ ഈ സംഘത്തിലെ നിരവധി പേരെ പിടികൂടാനായി. ഇവർ ഇപ്പോൾ കേരളത്തിലേക്ക് വരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.

തെളിവുകൾ നശിപ്പിച്ച ശേഷമുള്ള കവർച്ച

ഇരിങ്ങാലക്കുടയിലും ഇന്നലെ മുല്ലക്കരയിലും നടന്ന മോഷണത്തിൽ തെളിവുകൾ എല്ലാം നശിപ്പിച്ച രീതിയിലുള്ള മോഷണമാണ് നടന്നത്. ഇരിങ്ങാലക്കുടയിൽ ആലീസിന്റെ കൊലപാതകം സംബന്ധിച്ച് കൃത്യമായ തെളിവുകളോ സാക്ഷികളോ സി.സി.ടി.വി ദൃശ്യങ്ങളോ ലഭ്യമാകാത്തതാണ് പൊലീസിനെ വലയ്ക്കുന്നത്. ഏറെ ആസൂത്രണത്തോടെയാണ് തെളിവ് അവശേഷിപ്പിക്കാതെ കൊലപാതകം നടത്തിയത്. മുല്ലക്കരയിൽ മൂന്നംഗ കവർച്ചാസംഘമാണ് വീട്ടുകാരെ മാരകായുധം കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇരിങ്ങാലക്കുടയിലെ ആലീസിന്റെയും വാടാനപ്പിള്ളി കുട്ടമുഖം ടിപ്പു നഗറിൽ ഹഫ്സത്തിനെയും സമാനരീതിയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും ഈയിടത്താണ് ഉണ്ടായത്.

ന്യുജനറേഷൻ ടീമിലേക്കും അന്വേഷണം

അന്യസംസ്ഥാന തൊഴിലാളികളെ സംശയത്തിന്റെ മുൾമുനയിൽ നിറുത്തുമ്പോഴും ഉല്ലാസത്തിനായി പണം കണ്ടെത്താൻ കവർച്ച നടത്തുന്ന ന്യൂ ജനറേഷൻ ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ആലീസ് കേസിൽ കഴിഞ്ഞ ദിവസം ഒരാളെ പിടികൂടിയെന്ന് വാർത്ത പ്രചരിച്ചിരുന്നു. ഇതിനോടകം നാനൂറിലധികം പേരെയാണ് ചോദ്യം ചെയ്തത്.


കവർന്നത് ഇവ

ഇരിങ്ങാലക്കുട 20 പവൻ തൂക്കമുള്ള വളകൾ
മുല്ലക്കര 30 പവനും 70,000 രൂപയും
ഗുരുവായൂർ 5000 രൂപയും 13,000 രൂപയുടെ സാധനങ്ങളും
എരുമപ്പെട്ടി കറുതകാട് ക്ഷേത്രം ഭണ്ഡാരങ്ങളിൽ നിന്ന് ഏകദേശം ഒന്നേകാൽ ലക്ഷത്തോളം രൂപ

അന്വേഷണം ഊർജിതം

എല്ലാ പഴുതുകളും അടച്ച് കൊണ്ടുള്ള അന്വേഷണമാണ് നടത്തുന്നത്. ഇക്കാര്യത്തിൽ എല്ലാ ദിവസവും വിലയിരുത്തലുകൾ നടത്തുന്നുണ്ട്. പ്രതികളെ ഉടൻ പിടികൂടാനാകും..

(വിജയകുമാരൻ, റൂറൽ എസ്.പി).