തൃശൂർ : നാടിനെ ലഹരി വിമുക്തമാക്കേണ്ടത് കലാ കായിക മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടാകണമെന്ന് മന്ത്രി എ.സി. മൊയ്തീൻ. 'നാളത്തെ കേരളം ലഹരി മുക്ത നവകേരളം' എന്ന സന്ദേശം ഉയർത്തി സർക്കാർ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന 90 ദിന തീവ്രയത്‌ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ താഴെത്തലങ്ങളിൽ സാംസ്‌കാരികവും കായികവുമായ അവബോധം വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ ലഹരിവിമുക്തമെന്ന സംവിധാനം മെച്ചപ്പെടുത്താനാകൂ. ഇത് കുട്ടികളെ ചിട്ടയായ ജീവിതചര്യയിലേക്ക് വഴിതിരിച്ചു വിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ബോധവത്കരണ പരിപാടിക്കും തുടർപ്രവർത്തനങ്ങൾക്കുമായി സംസ്ഥാന തലത്തിൽ 66.32 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എം.എൽ.എമാരായ മുരളി പെരുനെല്ലി, യു.ആർ പ്രദീപ്, ഇ.ടി ടൈസൺ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മേയർ അജിത വിജയൻ, മദ്ധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മിഷണർ കെ. സുരേഷ് ബാബു, കൗൺസിലർ കെ. മഹേഷ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ സാംബശിവൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സദീഷ്, പ്രസ് ക്ലബ് സെക്രട്ടറി എം.വി വിനീത തുടങ്ങിയവർ സംസാരിച്ചു. തൃശൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പി.കെ സനു സ്വാഗതവും വിമുക്തി മിഷൻ മാനേജർ കെ. ജോയ് ജോൺ നന്ദിയും പറഞ്ഞു...