വാടാനപ്പിള്ളി: തളിക്കുളം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആർ.എം.പി.ഐ സംസ്ഥാന പ്രസിഡന്റ് ടി.എൽ സന്തോഷിന്റെ നേത്യത്വത്തിലുള്ള ജനകീയ സഹകരണ മുന്നണി വിജയിച്ചു. നാലാം തവണയാണ് ബാങ്ക് സി.പി.എം വിമതർ പിടിച്ചെടുക്കുന്നത്. എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളെ വലിയ ഭൂരിപക്ഷത്തിൽ പിറകിലാക്കിയാണ് ആകെയുള്ള പതിനൊന്ന് സീറ്റും വിമതർ നിലനിറുത്തിയത്. 2014 ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും ജനകീയ മുന്നണിയും തമ്മിലുണ്ടായ ഏറ്റവും കുറഞ്ഞ വ്യത്യാസം 76 വോട്ടുകളായിരുന്നു.

എന്നാൽ ഇത്തവണ അത് 898 എന്ന നിലയിലെത്തി. വൻ മുന്നേറ്റമാണ് ആർ.എം.പി നേതൃത്വം നൽകുന്ന മുന്നണിക്കുണ്ടായത്. ശരാശരി 1,200 വോട്ടുകളുടെ ഭൂരിപക്ഷമാണ് ജനകീയ മുന്നണി നേടിയത്. യു.ഡി.എഫ് 900 വോട്ടുകളോടെ മൂന്നാം സ്ഥാനത്ത് തുടർന്നു. ഏറ്റവും കൂടുതൽ വോട്ട് നേടിയത് നിലവിലെ പ്രസിഡന്റ് ടി.എൽ സന്തോഷാണ്. 2526 വോട്ട്. ഇന്നലെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന് വരെ സി.എം.എസ് സ്കൂളിലായിരുന്നു വോട്ടെടുപ്പ്. വിജയിച്ചവരെ ആനയിച്ച് ജനകീയ സഹകരണ മുന്നണി പ്രവർത്തകർ തളിക്കുളത്ത് പ്രകടനം നടത്തി.