വാടാനപ്പിള്ളി: തളിക്കുളം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം. പൊലീസ് ബലപ്രയോഗത്തിനിടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് തളിക്കുളം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഹാഷിം, തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം കെ.ജെ യദുകൃഷ്ണ എന്നിവർക്കാണ് പരിക്ക്. ലാത്തിയടിയേറ്റാണ് പരിക്ക്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഇന്നലെ വൈകീട്ട് മൂന്നിനായിരുന്നു സംഘർഷം. വോട്ടെടുപ്പ് കേന്ദ്രമായ സി.എം.എസ് സ്കൂളിന് മുന്നിൽ ദേശീയ പാതയിൽ നിൽക്കുകയായിരുന്ന മുഹമ്മദ് നിഷാമിനോട് മാറി നിൽക്കാൻ പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ ഉടനെ ലാത്തികൊണ്ട് നിഷാമിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. ചോദ്യം ചെയ്ത യദുകൃഷ്ണയ്ക്കും ലാത്തിയടിയേറ്റു. തുടർന്ന് അര മണിക്കൂറോളം കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും നടന്നു. വാടാനപ്പിള്ളി സബ് ഇൻസ്പെക്ടർ കെ.ആർ ബിജുവും കോൺഗ്രസ് നേതാക്കളും ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. അതിനിടെ തളർന്നു വീണ മുഹമ്മദ് ഹാഷിമിനെ പ്രവർത്തകർ താങ്ങിയെടുത്ത് ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാവിലെ വാഹനം റോഡിൽ നിറുത്തിയിട്ടതിനെ ചൊല്ലി പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പി.ഐ ഷൗക്കത്തലിയെ ഒരു പൊലീസ് ഓഫീസർ പിടിച്ച് തള്ളിയതും കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക് തർക്കത്തിനിടയാക്കി..