തൃശൂർ: സമ്പന്നവീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന തമിഴ്നാട്, കർണ്ണാടക സംസ്ഥാനക്കാരും പ്രൊഫഷണൽ സംഘങ്ങളും ഒരിടവേളയ്ക്കുശേഷം ജില്ലയിൽ വേരുറപ്പിക്കുമ്പോൾ, ഇവരെ തുണയ്ക്കുന്നത് വിദ്യാഭ്യാസവും ആധുനിക കവർച്ചാരീതികളും. കഴിഞ്ഞ ദിവസം

തൃശൂർ-പാലക്കാട് ദേശീയപാതയിലെ മുല്ലക്കരയിൽ ഡോക്ടറുടെ വീട് കൊള്ളയടിച്ച നാലംഗ സംഘത്തെ തേടിയുളള അന്വേഷണത്തിലാണ് പഴയ തിരുട്ടുഗ്രാമക്കാരല്ല, ന്യൂജെൻ സംഘങ്ങളാണ് രംഗത്തുള്ളതെന്ന് പൊലീസിന് വിവരം ലഭിച്ചത്. മധുരയിലും ബംഗ്ളുരുവിലുമായി രണ്ട് ടീമുകളായി തിരിഞ്ഞാണ് പൊലീസിൻ്റെ അന്വേഷണം. ഇംഗ്ളീഷ് നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന സംഘങ്ങൾക്ക് ആധുനിക പണമിടപാട് രീതികളും മറ്റും അറിയാമെന്നാണ് പൊലീസ് കരുതുന്നത്. ഡോക്ടറുടെ വീടിനു മുമ്പിൽ കവർച്ചാസംഘം നിറുത്തിയിട്ട കാറിന് സമീപം പൊലീസ് വന്നപ്പോൾ നൽകിയ ഡ്രൈവിംഗ് ലൈസൻസും വണ്ടിയുടെ നമ്പറും വ്യാജമായിരുന്നു. ആറു മാസം മുമ്പ് മധുരയിൽ കൊല്ലപ്പെട്ടയാളുടെ ഡ്രൈവിംഗ് ലൈസൻസായിരുന്നു അത്. കൊല്ലപ്പെട്ടയാളുടെ സഹോദരനെ കാണാതായിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പൊലീസിൻ്റെ മുൻകരുതൽ :

 രാത്രികാലങ്ങളിൽ സംശയം തോന്നുന്നവരുടെ ഫോട്ടോ എടുക്കും

 മൊബൈൽ നമ്പർ അപ്പോൾ തന്നെ ഡയൽ ചെയ്ത് ഉറപ്പുവരുത്തും

 തിരിച്ചറിയൽ രേഖകളും ലൈസൻസുകളും വ്യാജമല്ലെന്ന് ഉറപ്പാക്കും

''ദേശീയ, സംസ്ഥാനപാതകളിൽ രാത്രികാലങ്ങളിൽ ശക്തമായ പട്രോളിംഗ് ഏർപ്പെടുത്തും. പ്രൊഫഷണൽ കവർച്ചാസംഘങ്ങൾ തന്നെയാണ് പിന്നിലെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ''

-വി.കെ.രാജു, എ.സി.പി.

കവർച്ചക്കാരുടെ പാത

ദേശീയ, സംസ്ഥാനപാതകളിൽ കവർച്ചയ്ക്കുളള സാദ്ധ്യത നിരവധിയാണെന്നാണ് പൊലീസ് പറയുന്നത്. തിരക്കുളള വഴികളായതിനാൽ കവർച്ചാസംഘങ്ങൾക്ക് ഇവിടുത്തെ വീടുകളുടെ പരിസരങ്ങളിൽ പകൽസമയങ്ങളിൽ ചുറ്റിക്കറങ്ങാൻ കഴിയും. കവർച്ച നടത്താനുള്ള രീതികളും രക്ഷപ്പെടാനുള്ള പഴുതുകളും ആസൂത്രണം ചെയ്യാനും ശ്രമിക്കും. പരിസരവും വീട്ടുകാരെയും നിരീക്ഷിച്ച്, അവരുടെ സാമ്പത്തികസ്രോതസുകൾ മനസിലാക്കിയുമാണ് കവർച്ചക്കാരെത്തുന്നത്.

രണ്ട് വൻകവർച്ചകൾ @ ദേശീയപാത:

മുല്ലക്കര,നവംബർ 23: ഡോക്ടറെയും കുടുംബത്തെയും കെട്ടിയിട്ട് കവർന്നത്

30 പവനും 80,000 രൂപയും

പത്താംകല്ല്, 2014 ജൂലായ് 23: വൃദ്ധയെയും സഹോദരൻ്റെ മകനെയും കെട്ടിയിട്ട് കവർന്നത്

14 പവനും കാറും

ശ്രദ്ധിക്കേണ്ടത്:

വീടുകളിൽ:

 മൊബൈലിൽ സി.സി.ടി.വി ബന്ധിപ്പിച്ചാൽ ഹാർഡ് ഡിസ്‌ക് മോഷണം പോയാലും പ്രശ്നമാവില്ല.

 ദേശീയ, സംസ്ഥാനപാതകൾക്ക് സമീപമുള്ള വീടുകളിൽ സുരക്ഷാ സംവിധാനം ശക്തമാക്കണം

 സ്വർണ്ണവും പണവും വിലയേറിയ വസ്തുക്കളും കഴിവതും വീട്ടിൽ സൂക്ഷിക്കാതിരിക്കുക

 കവർച്ചക്കാർ ആദ്യം തകർക്കുന്നത് അലമാരയായതിനാൽ അതിനുള്ളിൽ വിലപിടിപ്പുള്ളത് സൂക്ഷിക്കരുത്

 കവർച്ച ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിൽ പരാതി നൽകുന്നത് കുറ്റവാളികളെ പിടിക്കാൻ സഹായകമാകും

സ്ഥാപനങ്ങളിൽ :

 സുരക്ഷാ വാതിലുകളും ഷട്ടറുകളും സ്വിച്ചുകളും സുരക്ഷയുടെ ഭാഗമായി പൂട്ടിയിട്ട് വയ്ക്കാനുള്ള സംവിധാനം ഒരുക്കണം

 സെൻസറുകളും ആധുനിക കാമറകളും വഴി മുഖം വ്യക്തമായി തിരിച്ചറിയുന്ന രീതിയിലുള്ള കാമറകൾ സജ്ജീകരിക്കണം

 പണമിടപാട് സ്ഥാപനങ്ങളിൽ പണം കൊണ്ടുവരുന്ന വാഹനങ്ങളുടെയും സ്ഥിരം ഇടപാടുകാരുടെയും വിവരങ്ങൾ ലഭ്യമാക്കണം

 എ.ടി.എമ്മുകളിൽ കാവൽക്കാരനെ നിയോഗിച്ച് സുരക്ഷാസംവിധാനങ്ങൾ വർദ്ധിപ്പിക്കുകയും തകരാറുകൾ പരിഹരിക്കുകയും വേണം.