tol-plasa
പാലിയേക്കര ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് എടുക്കാന്‍ എത്തിയവരുടെവാഹനങ്ങളുടെനിര

പുതുക്കാട്: ദേശീയപാത അതോറിറ്റി രാജ്യത്തെ ടോൾ പ്ലാസകളിൽ ഡിസംബർ ഒന്നു മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയതോടെ പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ്റ്റ് ടാഗ് എടുക്കാൻ എത്തുന്നവരുടെ തിരക്കേറി. വാഹനങ്ങളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം സ്ഥാപിക്കുന്ന ഫാസ് ടാഗ് എല്ലാ വാഹനങ്ങളിലും നിലവിൽ വരുന്നതോടെ ടോൾ പ്ലാസയിലെ തിരക്ക് കുറക്കാനാകും.
ഫാസ് ടാഗ് സംവിധാനം നിലവിൽ വരുന്നതോടെ പ്രാദേശിക വാഹനങ്ങൾക്കുള്ള സൗജന്യ യാത്രാ പാസ് സൗകര്യം ഇല്ലാതാകും. നിലവിൽ സൗജന്യ പാസ് ഉപയോഗിക്കുന്നവർക്ക് 150 രൂപ നൽകിയാൽ ഫാസ് ടാഗ് സൗകര്യം ലഭ്യമാകും. ശബരിമല സീസണിൽ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ടോൾ പ്ലാസ വഴി കടന്നു പോവുന്ന ശരാശരി 40,000 വാഹനങ്ങളിൽ 8,000 വാഹനങ്ങൾക്ക് മാത്രമാണ് നിലവിൽ ഫാസ് ടാഗ് സംവിധാനം ഉള്ളത്. ഒന്നാം തിയതി മുതൽ ഫാസ് ടാഗ് സംവിധാനം എർപെടുത്താത്ത വാഹനങ്ങൾക്ക് ടാഗ് ട്രാക്കിൽ പ്രവേശിച്ചാൽ ഇരട്ടി ചാർജ് പിഴയായി നൽകേണ്ടി വരും.

വരുന്നത് ക്രമസമാധാന പ്രശ്‌നങ്ങൾ

ടോൾ പ്ലാസയിൽ ഇരുവശത്തുള്ള ഓരോ ബൂത്ത് മാത്രം പണം നൽകി പോകാനുള്ള ബൂത്ത് ആയി മാറുന്നതോടെ ടോൾ പ്ലാസയിൽ വൻ തിരക്കാകും. ഇത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കും. ഫാസ് ടാഗ് സംവിധാനം എർപെടുത്തുന്നതോടെ ടോൾ പ്ലാസയിൽ സുരക്ഷാ സംവിധാനം ശക്തിപെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ദേശീയപാത അതോറിറ്റി അധികൃതർ ആവശ്യപെട്ടിട്ടുണ്ട്.


പ്രവർത്തനം ഇങ്ങനെ

ഫാസ് ടാഗ് സൗകര്യം എടുക്കുന്നവരുടെ വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസിൽ ഉറപ്പിക്കുന്ന ചിപ്പിൽ നിന്നുള്ള സിഗ്‌നൽ ടോൾ ബൂത്തിലെ റിസീവറിൽ സ്വീകരിക്കും. ഇതോടെ ടോൾ ചാർജ്, അക്കൗണ്ടിൽ നിന്നും സ്വീകരിക്കും. ഇപ്പോൾ പണം നൽകലും ബാക്കി വാങ്ങലുമായി ടോൾ ബൂത്തിൽ ചെലവഴിക്കുന്ന സമയം ഒഴിവാക്കാനാകും.

മാറുന്നത് ഇങ്ങനെ

ടോൾ പ്ലാസയിലെ ഓരോ വശത്തേക്കുമുള്ള ആറ് വീതം ബൂത്തുകളിൽ ഇരുവശത്തും ഓരോ ബൂത്ത് ഒഴിച്ചുള്ളതെല്ലാം ഒന്നാം തിയതി മുതൽ ഫാസ് ടാഗ് ആയി മാറും.


ടോൾ പ്ലാസ വഴി ശരാശരി പ്രതിദിനം കടന്നുപോകുന്നത് 40,000 വാഹനങ്ങൾ
ഇതിൽ നിലവിൽ ഫാസ് ടാഗ് ഘടിപ്പിച്ചത് 8,000 വാഹനങ്ങൾ