വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിർമ്മിക്കുന്ന ഒ.പി ബ്ലോക്കിന്റെ ശിലാസ്ഥാപനം ബി.ഡി. ദേവസി എം.എൽ.എ നിർവഹിക്കുന്നു
ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിൽ വിവിധ മേഖലകളിലായി നിരവധി വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് ബി.ഡി. ദേവസി എം.എൽ.എ. വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന ഒ.പി ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാരമേഖയിലാണ് കൂടുതൽ വികസനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി അങ്കണത്തിൽ നടന്ന യോഗത്തിൽ അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കറുപ്പസാമി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ചന്ദ്രിക ഷിബു, ജയ തമ്പി, കെ.എം. ജോഷി, പഞ്ചായത്തംഗങ്ങളായ കെ.കെ. റിജേഷ്, എം.വി. സനിൽ, എം.എം. രതീശൻ, പി.എം. പുഷ്പാംഗദൻ, കൊളിഞ്ചി, മെഡിക്കൽ ഓഫീസർ ഡോ. ഷിജൻ ജോൺ ആളൂർ, ബി.ഡി.ഒ.കെ.ശങ്കരൻകുട്ടി, എക്‌സ് സർഗ്ഗീസ് മെൻ കോളനി സെക്രട്ടറി പി.എം. ജോയ് എന്നിവർ പ്രസംഗിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപയാണ് കെട്ടിടം നിർമ്മാണത്തിന് അനുവദിച്ചത്. നാല് ഡോക്ടർമാർക്കുള്ള ക്യാബിനുകൾ, ഒ.പി മുറി, പരിശോധന, നിരീക്ഷണ മുറികൾ, രജിസ്‌ട്രേഷൻ കൗണ്ടർ എന്നിവയാണ് നിർമ്മിക്കുന്നത്.