ചാലക്കുടി: വെറ്റിലപ്പാറ എക്‌സ് സർവീസ്‌ മെൻ കോളനിയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 20 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ബി.ഡി. ദേവസി എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം നടത്തി. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 1 കോടി രൂപ അനുവദിച്ചെന്ന് എം.എൽ.എ യോഗത്തിൽ പറഞ്ഞു. 25 ഏക്കർ സ്ഥലത്താണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക. ഇതിന്റെ ഡി.പി.ആർ തയ്യാറാക്കുന്നതിന് താലൂക്ക് വ്യവസായ ഓഫീസർ പി. രാജനെ യോഗം ചുമതലപ്പെടുത്തി. അതിരപ്പിള്ളി പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് തങ്കമ്മ വർഗീസ്, ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കറുപ്പസാമി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ചന്ദ്രിക ഷിബു, ജയാ തമ്പി, കെ.എം. ജോഷി, എക്‌സ് സർവീസ്‌ മെൻ കോളനി സെക്രട്ടറി പി.എം. ജോയി തുടങ്ങിയവർ പങ്കെടുത്തു.