തൃശൂർ: ബത്തേരിയിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. ജില്ലാകമ്മിറ്റി വിദ്യാഭ്യാസമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് നിഖിൽ ദാമോദരൻ, ജില്ലാ പ്രസിഡന്റ് മിഥുൻ, സെക്രട്ടറി ഗോകുൽ എന്നിവരടക്കം ആറുപേർക്കു പരിക്കേറ്റു. സിറ്റി എ.സി.പി വി.കെ രാജു, ഒല്ലൂർ സി.ഐ ബെന്നി ജേക്കബ് എന്നിവരടക്കം 11 പൊലീസുകാർക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ കെ.എ.പി ഒന്നാം ബറ്റാലിയൻ സേനാംഗം മുഹസിൻ പി. മുഹമ്മദ് കൈയിലെ ലിഗ്മെന്റിനും, മസിലിനും ചതവ് പറ്റിയതിനാൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11 നുശേഷം ഡി.സി.സി. ഓഫീസിൽ നിന്നു പ്രകടനമായാണ് കെ.എസ്.യു പ്രവർത്തകരെത്തിയത്. കാനാട്ടുകരയിൽ മന്ത്രിയുടെ വസതിയിലേക്കുള്ള വഴിയിൽ സ്ഥാപിച്ച ബാരിക്കേഡു പ്രവർത്തകർ ചാടിക്കടന്നതോടെ പൊലീസ് ഇവർക്ക് നേരെ ലാത്തിവീശി. ആറോളം പേരാണ് കെ.എസ്.യു. സംഘത്തിലുണ്ടായിരുന്നത്. പിന്നാലെ മറ്റു പൊലീസുകാരും രംഗത്തിറങ്ങിയതോടെ പരിസരം യുദ്ധക്കളമായി. എ.സി.പി വി.കെ രാജുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. പ്രവർത്തകരിൽ പലർക്കും തലയ്ക്കും കൈയ്ക്കുമാണ് പരിക്ക്. ഇവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സഹായം ആവശ്യപ്പെട്ടിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നു പരാതിയുണ്ട്. അയ്യന്തോൾ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ വി.എസ് ഷനോജ്, ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ വിനോഷ്, സി. സ്വാമിനാഥൻ, കൺട്രോൾ റൂം സേനാംഗം ടി.ആർ പ്രമോദ്, കെ.എ.പി രണ്ടാം ബറ്റാലിയൻ വിഷ്ണു എന്നിവരാണ് ചികിത്സ തേടിയത്. പ്രതിഷേധ സൂചകമായി കെ.എസ്.യു. പ്രവർത്തകർ പടിഞ്ഞാറെക്കോട്ടയിൽ പൂങ്കുന്നം റോഡ് ഉപരോധിച്ചു.


30 പേർക്കെതിരെ കേസ്

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ കാനാട്ടുകരയിലെ വസതിയിലേക്ക് നടത്തിയ മാർഷിനിടെയുണ്ടായ സംഘർഷത്തിൽ ഡ്യൂട്ടിക്ക് വിഘ്‌നം സൃഷ്ടിച്ചതിനും, പൊതുഗതാഗതത്തിന് തടസം സൃഷ്ടിച്ചതിനും, പൊതുമുതൽ നശിപ്പിച്ചതിനുമടക്കം കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസെടുത്തു.