തൃശൂർ : ആദ്യമായി കോർപറേഷനും വാണിജ്യ വ്യാപാര സംഘടനകളും സംയുക്തമായി ഡിസംബർ 15 മുതൽ ജനുവരി 15 വരെ സംഘടിപ്പിക്കുന്ന രാത്രികാല ഷോപ്പിംഗ് ഉത്സവമായ ഹാപ്പി ഡേയ്‌സിന് സ്വാഗത സംഘം രൂപീകരിച്ചു. മേയർ അജിതാ വിജയൻ ചെയർമാൻ, ചേംബർ ഒഫ് കോമേഴ്‌സ് ഡയറക്ടർ ടി.എസ് പട്ടാഭിരാമൻ ജനറൽ കൺവീനർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ്, ചേംബർ ഒഫ് കോമേഴ്‌സ് പ്രസിഡന്റ് ടി.ആർ വിജയകുമാർ എന്നിവരാണ് വർക്കിംഗ് ചെയർമാൻമാർ. കൺവീനർമാരായി എം.ആർ ഫ്രാൻസിസ്, വർഗീസ് കണ്ടംകുളത്തി, അനൂപ് ഡേവിസ് കാട തുടങ്ങിയവരെയും തിരഞ്ഞെടുത്തു. ഡിസംബർ 15ന് മന്ത്രി എ.സി മൊയ്തീൻ നൈറ്റ് ഷോപ്പിംഗ് ഉദ്ഘാടനം ചെയ്യും. ടി.എസ്. പട്ടാഭിരാമൻ അദ്ധ്യക്ഷത വഹിക്കും. ഡിജിറ്റൽ ലോഞ്ച് മന്ത്രി വി. എസ് സുനിൽകുമാർ നിർവഹിക്കും.
ഹാപ്പി ഡെയ്‌സിന്റെ ഭാഗമായി പൂങ്കുന്നത്ത് മഡ്‌റേസും അരണാട്ടുകരയിൽ ബൈക്ക് റേസും വഞ്ചിക്കുളത്ത് ബോട്ടിംഗും മൂന്നു വേദികളിൽ കലാപരിപാടികൾ, ചിത്ര പ്രദർശനം, കുട്ടികളുടെ മത്സരങ്ങൾ, സ്റ്റേജ് ഷോ, ഫുഡ് ഫെസ്റ്റ്, പാലസ് ഗ്രൗണ്ടിൽ ഫുട്‌ബാൾ ടൂർണമെന്റ് എന്നിവ സംഘടിപ്പിക്കും. കിഴക്കെക്കോട്ട, ശക്തൻ മാർക്കറ്റ്, കൊക്കാല, വഞ്ചിക്കുളം, പടിഞ്ഞാറെക്കോട്ട, പൂങ്കൂന്നം, പാട്ടുരായ്ക്കൽ എന്നീ മേഖലകൾക്കുള്ളിൽ വലിയൊരു വ്യാപാര ശൃംഖല നൈറ്റ് ഷോപ്പിംഗ് ദിനങ്ങളിൽ രാത്രി ആറ് മുതൽ രാത്രി 11 മണി വരെ തുറന്നു പ്രവർത്തിക്കും.