vadakkumnatha

തൃശൂർ: തൃശൂരിന്റെ വ്യാപാര ചരിത്രത്തിൽ ആദ്യമായി കോർപറേഷനും വാണിജ്യ വ്യാപാര സംഘടനകളും സംയുക്തമായി ഡിസംബർ 15 മുതൽ ജനുവരി 15 വരെ നടത്തുന്ന 'ഹാപ്പി ഡെയ്‌സ്' നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ പവിത്രതയ്ക്ക് ദോഷം ചെയ്യുമെന്ന് ആരോപിച്ച് പ്രതിഷേധത്തിന് കളമൊരുങ്ങുന്നു. വൈകിട്ട് മുതൽ പുലർച്ചെ വരെ നടക്കുന്ന ഷോപ്പിംഗ് മേളയുടെ ഭാഗമായി ഭക്ഷ്യമേളകളും പുതുവത്സര ആഘോഷവും വടക്കുന്നാഥൻ ക്ഷേത്ര മൈതാനത്ത് നടത്താനുള്ള നീക്കത്തിനെതിരെയാണ് ആക്ഷേപം. ആഘോഷത്തിന്റെയും കച്ചവടത്തിന്റെയും പേരിൽ നടക്കുന്ന അധാർമികവും ക്ഷേത്ര ധർമ്മത്തിന് വിരുദ്ധവുമായ പ്രവർത്തനങ്ങൾക്ക് പവിത്രമായ വടക്കുന്നാഥ ക്ഷേത്രഭൂമിയോ, കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള മറ്റു ദേവസ്വം ഭൂമികളോ അനുവദിക്കരുത് എന്നാണ് വടക്കുന്നാഥ ക്ഷേത്ര രക്ഷാ വേദിയുടെ ആവശ്യം. അതേസമയം,'ഹാപ്പി ഡെയ്‌സ്' ഫെസ്റ്റിവലിന് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയായി സ്വാഗത സംഘം രൂപീകരിച്ച് ദ്രുതഗതിയിലുള്ള ഒരുക്കത്തിലാണ് കോർപറേഷൻ.

ആശങ്ക വേണ്ട: മേയർ

''വടക്കുന്നാഥ മൈതാനത്ത് ഒരിക്കലും ഫുഡ് ഫെസ്റ്റ് നടത്തില്ല. അതിനെല്ലാം പ്രത്യേക സ്ഥലങ്ങളുണ്ട്. തെക്കെഗോപുര നട മാത്രം ഉൾക്കൊള്ളുന്നതല്ല ഷോപ്പിംഗ് ഫെസ്റ്റിവൽ. ആശങ്കകൾക്ക് അടിസ്ഥാനമില്ല.''

അജിത വിജയൻ, മേയർ, തൃശൂർ കോർപറേഷൻ

നിയമനടപടി

''കൊച്ചിൻ ദേവസ്വം ബോർഡ് ഭരണസമിതിക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്. അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ദേവസ്വത്തിന്റെ ക്ഷേത്രവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നിയമപരവും പ്രക്ഷോഭകരവുമായ നടപടികളുമായി മുന്നോട്ട് പോകും.''

ഡോ. ടി.കെ. വിജയരാഘവൻ, ചെയർമാൻ

അഡ്വ. സി. സഞ്ജയ്, ജനറൽ കൺവീനർ, വടക്കുന്നാഥ ക്ഷേത്ര രക്ഷാവേദി


ഉദ്ഘാടനം 15ന്

തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ നൈറ്റ് ഷോപ്പിംഗ് ഡിസംബർ 15ന് ഉദ്ഘാടനം ചെയ്യും. ടി.എസ് പട്ടാഭിരാമൻ അദ്ധ്യക്ഷത വഹിക്കും. ഡിജിറ്റൽ ലോഞ്ച് മന്ത്രി വി.എസ് സുനിൽ കുമാർ നിർവഹിക്കും.

ഹാപ്പി ഡേയ്‌സ് ഇങ്ങനെ:

പൂങ്കുന്നത്ത് മഡ്‌റേസ്, വഞ്ചിക്കുളത്ത് ബോട്ടിംഗ്
അരണാട്ടുകരയിൽ ബൈക്ക് റേസ്
മൂന്നു വേദികളിൽ കലാപരിപാടികൾ, ചിത്ര പ്രദർശനം
കുട്ടികളുടെ മത്സരങ്ങൾ, ഇതരസംസ്ഥാന കലാകാരന്മാരുടെ സ്റ്റേജ് ഷോ
ഫുഡ് ഫെസ്റ്റ്, പാലസ് ഗ്രൗണ്ടിൽ ഫുട്ബാൾ ടൂർണമെന്റ്
ഫുട്ബാൾ ഷൂട്ടൗട്ട്, ഫ്‌ളാഷ് മോബ്, നാടകം
ആർട് മേക്കിംഗ്, കൊളാഷ്, പൊയ്ക്കാൽ കുതിര

ഒരുക്കങ്ങൾ:

നഗരം മുഴുവൻ ക്രോസ് ചെയ്ത് ദീപാലങ്കാരം, ലൈറ്റ് ഫൗണ്ടൻ
കിഴക്കെക്കോട്ട, ശക്തൻ മാർക്കറ്റ്, കൊക്കാല, വഞ്ചിക്കുളം, പടിഞ്ഞാറെക്കോട്ട, പൂങ്കുന്നം,
പാട്ടുരായ്ക്കൽ എന്നിവിടങ്ങളിൽ രാത്രി 6 മുതൽ 11 മണി വരെ വ്യാപാരകേന്ദ്രങ്ങൾ പ്രവർത്തിക്കും.
ശുദ്ധജല വിതരണം, ഇ ടോയ്‌ലറ്റ് സൗകര്യം, സുരക്ഷാ ക്രമീകരണങ്ങൾ, ശുചീകരണ സംവിധാനങ്ങൾ.