തൃശൂർ: അട്ടപ്പാടിയിലെ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട ശ്രീനിവാസിന്റെ മൃതദേഹം ബന്ധുക്കളെത്തി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ഇതോടെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന എല്ലാ മാവോയിസ്റ്റുകളുടെയും മൃതദേഹം സംസ്കരിച്ചു.
ഒരു മാസമായി ആശുപത്രി പരിസരത്ത് ഏർപ്പെടുത്തിയിരുന്ന പൊലീസ് സന്നാഹവും ഇതോടെ പിൻവലിച്ചു. ഡി.എൻ.എ ഫലം ഒത്തുവന്നതോടെ ഇന്നലെ രാവിലെ, കേശവൻ എന്ന ശ്രീനിവാസന്റെ മൃതദേഹം ബന്ധുക്കളെത്തി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. പൊലീസ് രഹസ്യമായാണ് ബന്ധുക്കളെ വിളിച്ചു വരുത്തിയത്. മാവോയിസ്റ്റുകൾ അരവിന്ദനെന്ന് വിളിക്കുന്ന ശ്രീനിവാസന്റെ മൃതദേഹം മെഡിക്കൽ കോളേജിലെത്തി സഹോദരങ്ങൾ രണ്ടാഴ്ച മുമ്പ് തിരിച്ചറിഞ്ഞിരുന്നു.
എട്ടുവർഷം മുമ്പ് ശ്രീനിവാസൻ വീടുവിട്ട് പോയതാണെന്നും പിന്നീട് യാതൊരു വിവരവും ഉണ്ടായില്ലെന്നും ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. മാവോയിസ്റ്റ് അരവിന്ദന്റേതെന്ന പേരിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. സഹോദരങ്ങളായ ജയരാമൻ, രാജഗോപാൽ എന്നിവരാണ് ഇന്നലെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയത്. ഒക്ടോബർ 28 നാണ് അട്ടപ്പാടി മഞ്ചക്കണ്ടിയിൽ തണ്ടർബോൾട്ടിന്റെ വെടിവയ്പിൽ ഒരു വനിത ഉൾപ്പെടെ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് ഇവരുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. വനിത മാവോയിസ്റ്റിനായി ബന്ധുക്കൾ ആരും എത്തിയിരുന്നില്ല. തുടർന്ന് ഗുരുവായൂരിൽ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. എന്നാൽ, യുവതിയെ തിരിച്ചറിയാതെ കത്തിച്ചു കളഞ്ഞ നടപടി ശരിയല്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വിവാദമായതിനാൽ വീണ്ടും പോസ്റ്റുമോർട്ടം നടത്തേണ്ടി വന്നാൽ, അതിനുള്ള സാദ്ധ്യത പൊലീസ് ഇല്ലാതാക്കുകയാണ് ചെയ്തതെന്നായിരുന്നു ആക്ഷേപം.