panchayath
എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ്

എരുമപ്പെട്ടി: പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് ക്രമവിരുദ്ധമായി മുൻ പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് അനുവദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന. ആരോഗ്യ വകുപ്പിൽ നിന്നും ലഭിക്കുന്ന സാനിറ്ററി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് അനുമതി നൽകുന്നത്.

എന്നാൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് സാനിറ്ററി സർട്ടിഫിക്കറ്റില്ലാതെ പഞ്ചായത്ത് സെക്രട്ടറി പ്രവർത്തനാനുമതി നൽകിയതായാണ് പരാതി. ഇത്തരത്തിൽ നിരവധി അപേക്ഷകളിൽ ക്രമവിരുദ്ധമായാണ് അനുമതി നൽകിയിട്ടുള്ളതെന്ന് വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ ആരോഗ്യ വകുപ്പിന്റെ അനുമതി നിർബന്ധമാണ്.

എന്നാൽ അനുമതി നൽകിയ പല അപേക്ഷകളിലും സാനിറ്ററി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഇൻസ്‌പെക്ടർ സലിൽ കുമാർ, ഉദ്യോഗസ്ഥരായ പ്രദീപ്, ലോഹിദാക്ഷൻ, സന്ദേശ്, ഡ്രഗ് ഇൻസ്‌പെക്ടർ ഗ്ലാഡിസ് തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി.