ആദ്യഘട്ടത്തിൽ കൃഷി ഇറക്കുന്നത് 100 ഏക്കറിൽ

പുതുക്കാട് : കോൾ നിലം കഴിഞ്ഞാൽ കൂടുതൽ നെൽവയലുകൾ ഉണ്ടായിരുന്ന നെന്മണിക്കര നെന്മണി വിളയിക്കാൻ പദ്ധതി ഒരുക്കുന്നു. നെന്മണിയിൽ നിന്നുണ്ടായ കര പേരും പെരുമയും വീണ്ടെടുക്കാൻ നെന്മണി 2019 എന്ന പേരിലാണ് പദ്ധതി ഒരുക്കിയത്.

ഇഷ്ടിക നിർമ്മാണത്തിനായി മണ്ണെടുത്ത വെള്ളക്കുഴികളെല്ലാം കൃഷിയിടമാക്കുന്നതാണ് പദ്ധതി. ഭൂ ഉടമകളിൽ നിന്നും മൂന്ന് വർഷത്തെ കരാറിൽ ഭൂമി എറ്റെടുത്ത് പരിവർത്തനം നടത്തി നെൽവയലുകളാക്കുന്നതാണ് പദ്ധതി. വർഷങ്ങളായി വളർന്നുകൊണ്ടിരുന്ന ചണ്ടിയും പല്ലും നീക്കം ചെയ്യാൻ ആധുനിക യന്ത്രസഹായം കൂടിയേ തീരൂ. ഇതിനായി മങ്കൊമ്പ് കാർഷിക വിജ്ഞാന കേന്ദ്രത്തിലേക്കായി ഇറക്കുമതി ചെയ്ത ട്രക്‌സർ കം എക്‌സവേറ്റർ നെന്മണിക്കരയിലെ പുലക്കാട്ടുകര പാടശേഖരത്തിലെത്തിച്ചു കഴിഞ്ഞു. ട്രക്സറിന് കരയിലും വെള്ളത്തിലും ഒരു പോലെ സഞ്ചരിക്കാം.

നിലമൊരുക്കൽ ഇങ്ങനെ

ട്രക്‌സർ ഉപയോഗിച്ച് ആദ്യം തന്നെ വെള്ളക്കുഴികളുടെ ആഴം പരിശോധിച്ചു

കൃഷിയിടത്തിന് നടുവിലൂടെയുള്ള പുഴയിൽ നിന്നുള്ള തലോർ കായൽ തോട് വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് ഉറപ്പു വരുത്തി.

എട്ടോളം ട്രാക്ടറുകളെത്തി നിലം ഉഴുതുമറിക്കും

ഇതോടെ മണ്ണിലഴുകുന്ന ചണ്ടിയും പുല്ലും ജൈവവളമാക്കാൻ പാടശേഖരത്തിൽ കുമ്മായം വിതറും

തയ്യാറാക്കുന്ന ഞാറ്റടിയിൽ നിന്നും ഞാറു പറിച്ച് നടും

പ്രതാപം നഷ്ടപ്പെട്ടത് ഇങ്ങനെ

പരമ്പരാഗത വ്യവസായമായ ഓടു വ്യവസായത്തിന്റെ സിരാകേന്ദ്രമായിരുന്നു നെന്മണിക്കര. 1970കളിൽ ഗൾഫ് മേഖലയിൽ നിന്നും പണമൊഴുക്ക് വന്നതോടെ കോൺക്രീറ്റ് കെട്ടിടങ്ങളുടെ നിർമ്മാണം തുടങ്ങി. ഇതിന് ചുട്ടെടുത്ത ഇഷ്ടിക ആവശ്യമായതോടെ പഞ്ചായത്തിലെ പാടശേഖരങ്ങളിൽ ഇഷ്ടിക നിർമാണം വ്യാപകമായി. പുതിയ വീടുകൾക്ക് വൻതോതിൽ ഓടുല്പന്നങ്ങളും ഉപയോഗിച്ചു തുടങ്ങി. ചെറുതും വലുതുമായ ഒട്ടേറെ ഓട്ടുകമ്പനികളും പുതുതായി മേഖലയിൽ സ്ഥാപിതമായി.
ഇതേത്തുടർന്ന് വ്യാപകമായ കളിമണ്ണ് ഖനനം നടന്നു. ഇതോടെ നെൽവയലുകൾ വെള്ളക്കുഴികളായി. 1990കളായതോടെ, പേരിന് പോലും നെൽക്കൃഷി ഇല്ലാതായി. ഇപ്പോൾ ഓടു വ്യവസായവും നാടുനീങ്ങി. വയലായ വയലുകളെല്ലാം മാലിന്യക്കുഴികളായി. ചണ്ടിയും പുല്ലും വളർന്നു. ചണ്ടിയും പുല്ലും ചീഞ്ഞളിത്ത് ക്രൂഡോയിലിന് സമാനമായ വെള്ളമായി. മഴ തുടങ്ങുന്നതോടെ ഈ മലിനജലം കുടിവെള്ള സ്രോതസായ മണലിപ്പുഴയിലുമെത്തും.

............

സംസ്ഥാനത്തിന് മാതൃകയാകുന്ന നെന്മണി 2019 എന്ന പദ്ധതിക്ക് ആവശ്യമായ മുഴുവൻ ആധുനിക യന്ത്രങ്ങളും എത്തിക്കും

യു. ജയകുമാരൻ
ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ
സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ

............

പുലക്കാട്ടുകര പാടശേഖരത്തിലെ തരിശുഭൂമിയിൽ 100 ഏക്കർ സ്ഥലത്ത് ആദ്യഘട്ടമായി കൃഷി ഇറക്കുന്നതോടെ തരിശുനിലങ്ങളെ കൃഷിയിടമാക്കുന്നതിൽ നെന്മണിക്കര സംസ്ഥാനത്തിന് മാതൃകയാകും. വയലുകൾ വീണ്ടും കൃഷിയിടമാകുന്നതോടെ സമീപപ്രദേശങ്ങളിലെ വീട്ടുകിണറുകളിൽ ശുദ്ധജലലഭ്യതയും ഉറപ്പുവരുത്താനാകും. നാടൻ, മത്സ്യസമ്പത്ത് വർദ്ധിക്കുകയും, മണലിപുഴയിലേക്കുള്ള മലിനജലത്തിന്റെ ഒഴുക്ക് തടയാനുമാകും.

ഷീല മനോഹരൻ
പഞ്ചായത്ത് പ്രസിഡന്റ്......