മാള: പൂർവികർ അന്ത്യവിശ്രമം കൊള്ളുന്ന മാളയിലെ യഹൂദ ശ്‌മശാനത്തിലുള്ള കല്ലറയിൽ ഹീബ്രു ഭാഷയിൽ രേഖപ്പെടുത്തിയ വാചകങ്ങൾ ഏഴു വയസുകാരി പകർത്തി എഴുതി. ഇസ്രായേലിൽ നിന്നെത്തിയ സംഘത്തിലെ കുട്ടിയാണ് ഇത്തരത്തിൽ പേപ്പറിലേക്ക് പകർത്തിയത്. മാളയിലെ യഹൂദ സ്മാരകങ്ങൾ പഞ്ചായത്തിന് കരാറാക്കി എഴുതി നൽകിയ കുടുംബത്തിലെ പിന്മുറക്കാരിയാണ് ഈ പെൺകുട്ടി.
മലയാളം അറിയാവുന്ന ജേക്കബ് ബെൻ എലിയാഹുവിന്റെ മകൾ ലിമോറിന്റെ മകളാണ് കല്ലറയിൽ രേഖപ്പെടുത്തിയ വാചകങ്ങൾ പകർത്തിയെഴുതിയത്. ആദ്യമായി ഹീബ്രു-മലയാളം നിഘണ്ടു രചിച്ച വ്യക്തിയാണ് ജേക്കബ് ബെൻ എലിയാഹു. ലിമോറും ഭർത്താവും ഇളയ മകനും ഒപ്പമുണ്ടായിരുന്നു. ഇവരുടെ കുടുംബവും ബന്ധുക്കളുമാണ് മാളയിലെ യഹൂദ സിനഗോഗും ശ്‌മശാനവും സന്ദർശിച്ചത്. പൂർവികർ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറകളും അനുബന്ധ സ്ഥലങ്ങളും സിനഗോഗും ഈ ഇളം തലമുറകൾക്കും വികാരമാണ്. വെള്ള നിറമുള്ള മാർബിളിൽ ഹീബ്രു ഭാഷയിൽ കൊത്തിയിരിക്കുന്ന വാചകങ്ങൾ വളരെ പ്രയാസപ്പെട്ടാണ് ഏഴു വയസുകാരി പേപ്പറിലേക്ക് പകർത്തിയത്. കടുത്ത വെയിലിൽ ഇരുന്ന് മാതാപിതാക്കളുടെ വിലക്കിനെ മറികടന്നാണ് അവൾ പകർത്തിയെഴുതിയെടുത്തത്.