പഴയന്നൂർ: പ്രളയത്തിൽ തകർന്ന ചീരക്കുഴി ജലസേചന പദ്ധതി പുനർനിർമ്മിക്കുന്നതിന് 8.78 കോടി രൂപ അനുവദിച്ചതായി യു.ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു. എട്ട് ഷട്ടറുകൾ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവൃത്തികൾക്കുമായി റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 3.53 കോടി രൂപയും റീബിൾഡ് കേരള പദ്ധതിയിൽ തന്നെ കനാൽ നവീകരണത്തിന് 82.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
കനാൽ നവീകരണത്തിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 4.43 കോടിയും കഴിഞ്ഞ മാസം അനുവദിച്ചിരുന്നു. ഇതോടെ 8.78 കോടി രൂപ പുനർനിർമ്മാണത്തിനായി അനുവദിച്ചിട്ടുണ്ട്. ഈ വേനൽക്കാലത്ത് പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.
ഈ സീസണിൽ മണൽചാക്ക് നിറച്ച് താത്കാലിക തടയണ നിർമ്മിച്ച് ജലസേചനത്തിന് കർഷകർക്ക് വെള്ളം ലഭ്യമാക്കും. താത്കാലിക തടയണയും, അതോടൊപ്പമുള്ള അനുബന്ധ പ്രവൃത്തികൾക്കുമായി 90 ലക്ഷം രൂപ ഇറിഗേഷൻ വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടി പൂർത്തീകരിച്ചിട്ടുണ്ട്. മഴ മാറി പുഴയിലെ വെള്ളത്തിന്റെ ഒഴുക്കു കുറഞ്ഞാൽ താത്കാലിക തടയണ നിർമ്മാണം പൂർത്തീകരിച്ച് ജനുവരി ആദ്യവാരത്തോടെ കൃഷിക്ക് ആവശ്യമായ വെള്ളം തുറന്നു വിടാനും കഴിയും.
പ്രളയത്തിൽ അണക്കെട്ട് തകർന്നതോടെ അഞ്ചു പഞ്ചായത്തുകളിലെ 2500 ഏക്കർ സ്ഥലത്തെ നെൽകൃഷിക്ക് വെള്ളം ലഭ്യമാകാത്ത അവസ്ഥയാണ് ഉണ്ടായത്. ചീരക്കുഴി ഇറിഗേഷൻ പദ്ധതി പുനർനിർമ്മിക്കുന്നതിനായി നിരന്തര ശ്രമം ജലസേചന വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് എം.എൽ.എ യു.ആർ. പ്രദീപ് നടത്തിയിരുന്നു.
കണക്ക്
ചീരക്കുഴി ജലസേചന പദ്ധതിക്ക് അനുവദിച്ചത് 8.78 കോടി
പുനർനിർമ്മാണം റീബിൾഡ് കേരള പദ്ധതി പ്രകാരം
എട്ട് ഷട്ടറുകൾക്ക് 3.53 കോടി, കനാൽ പണിക്ക് 82.5 കോടി
താത്കാലിക തടയണ നിർമ്മിച്ച് ജലസേചനം നടത്തും
5 പഞ്ചായത്തിലെ 2500 ഏക്കർ കൃഷിയിടത്തിന് ഉപകാരപ്പെടും