തൃശൂർ: ഡബിൾ ഹോഴ്‌സ് അറുപതാം വാർഷികത്തോടനുബന്ധിച്ച് ഭക്ഷ്യമേഖലയിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നു. ഡബിൾ ഹോഴ്‌സ് സ്ഥാപകൻ എം.ഒ. ജോണിന്റെ സ്മരണാർത്ഥം രൂപീകരിച്ച എം.ഒ. ജോൺ ഫൗണ്ടേഷനാണ്, മഞ്ഞിലാസ് ഫുഡ് ടെക്കിന്റെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി പദ്ധതി നടപ്പാക്കുന്നത്.
ഫൗണ്ടേഷന്റെയും പദ്ധതിയുടെയും ഉദ്ഘാടനം മാനേജിംഗ് ട്രസ്റ്റി രഞ്ജി ജോൺ നിർവഹിച്ചു. ഡബിൾ ഹോഴ്‌സ് ബ്രാൻഡ് അംബാസഡർ മംമ്ത മോഹൻദാസ് അറുപതാം വർഷ ലോഗോ അനാവരണം ചെയ്തു. കേരളത്തിന്റെ തനതു രുചിക്കൂട്ടുകൾ പുതുതലമുറയെ പരിചയപ്പെടുത്താൻ ഡബിൾ ഹോഴ്‌സ് തയ്യാറാക്കിയ 'കേരള കുസീൻ" എന്ന പുസ്തകത്തിന്റെ പ്രകാശനം എം.ഒ. ജോണിന്റെ പത്‌നി ആനി ജോണിന് ആദ്യ കോപ്പി നൽകി മംമ്ത മോഹൻദാസ് നിർവഹിച്ചു.
ഡബിൾ ഹോഴ്‌സിന്റെ രുചിയുള്ള 170 ഇനങ്ങൾ മുപ്പതു രാജ്യങ്ങളിൽ ലഭ്യമാണെന്ന് വാർത്താസമ്മേളനത്തിൽ സി.ഇ.ഒ വിനോദ് മഞ്ഞില പറഞ്ഞു. ഡയറക്ടർമാരായ സന്തോഷ് മഞ്ഞില, ജോ രഞ്ജി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.