ചാലക്കുടി: ചാലക്കുടിയിൽ കാർമ്മൽ സ്‌കൂളിൽ നിന്നും എത്തിച്ച വിദ്യാർത്ഥി റൊണാൾഡിന്റെ കാലിൽ പാമ്പിന്റെ പല്ലിന്റേതെന്ന് സംശയിക്കുന്ന അടയാളങ്ങളുണ്ടെന്ന് അങ്കമാലി എൽ.എഫ് ആശുപത്രിയിലെ ഡോക്ടർമാർ. എന്നാൽ രക്തപരിശോധയിൽ വിഷത്തിന്റെ അംശം കണ്ടെത്തായില്ല. എങ്കിലും നിരീക്ഷണം ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
വിദ്യാർത്ഥിയെ സ്‌കൂളിൽ വച്ച് പാമ്പുകടിച്ചെന്ന വാർത്ത ചാലക്കുടിയെ മണിക്കൂറുകളോളം പിടിച്ചുകുലുക്കി. വൈകീട്ട് മൂന്നോടെയുണ്ടായ സംഭവം പുറത്തുവന്നത് അഞ്ചുമണിയോടെയാണ്. സംഭവം അതീവ രഹസ്യമാക്കാൻ സ്‌കൂൾ അധികൃതർ പരമാവധി ശ്രമിച്ചു. സ്‌കൂളിലെ സെക്യൂരിറ്റിയടക്കം ജീവനക്കാർ ആരും തന്നെ വിവരം പുറത്തു പറയാൻ തയ്യാറായില്ല. പിന്നീട് അങ്കമാലി ആശുപത്രിയിൽ നിന്നാണ് വിവരം പുറത്തായത്.
ആദ്യം സി.എം.ഐ സ്‌കൂളിലാണ് സംഭവമെന്ന് പ്രചരണമുണ്ടായി. പൊലീസും നഗരസഭ അധികൃതരും വിവിരം തിരക്കി ഈ സ്‌കൂളിലേക്ക് കുതിച്ചെത്തി. ഇതോടെ സി.എം.ഐ സ്‌കൂൾ അധികൃതർ അങ്കലാപ്പിലായി. പിന്നാലെ ഇവിടുത്തെ കുട്ടികളുടെ രക്ഷിതാക്കളും അദ്ധ്യാപകരെ വിളിച്ച് വിവരം തിരക്കി. ഒടുവിലാണ് സംഭവം നടന്നത് കാർമ്മൽ സ്‌കൂളിലാണെന്ന് അറിയുന്നത്. ഇതോടെ എല്ലാവരും അവിടേയ്ക്ക് തിരിച്ചു. എല്ലാ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കാർമ്മൽ അൺ എയ്ഡഡ് സ്‌കൂൾ. ആധുനിക സംവിധാനത്തോടു കൂടിയ ഇവിടുത്തെ കളി സ്ഥലവും മികച്ചതാണ്. മൈതാനത്തെ പുൽത്തകിടിയിൽ നിന്നാണ് പാമ്പു കടിയേറ്റതെന്നാണ് സംശയം.