തൃശൂർ: നടുവിലാൽ പുതിയ ഷോപ്പിംഗ് കോംപ്ലക്‌സിനോട് അനുബന്ധിച്ചുള്ള സ്ഥലത്തോടു ചേർന്നു പ്രവർത്തിക്കുന്ന താത്കാലിക ഷെഡിനെ ചൊല്ലി കൗൺസിലിൽ രൂക്ഷമായ വാദപ്രതിവാദം. ഗാർമെന്റ്‌സ് കടയ്ക്കു ക്രമവിരുദ്ധമായാണ് മുറി നൽകിയെന്നു വ്യക്തമാക്കി മേയർ കുറിപ്പുനൽകിയതോടെ ചർച്ചയ്ക്കു ചൂടേറി.

ൻ മേയർ രാജൻ പല്ലന്റെ കാലത്തു നടന്ന ഇടപാടിനെ ചൊല്ലി ഇപ്പോൾ ചർച്ച നടത്തുന്നതിന്റെ യുക്തിയെ പ്രതിപക്ഷം വെല്ലുവിളിച്ചു. അതേസമയം ഓഫീസ് രേഖകൾ പ്രകാരം ഈ വ്യക്തിക്ക് താത്കാലിക ലൈസൻസ് അനുവദിച്ചു നൽകിയിട്ടുമുണ്ട്. കൗൺസിൽ മിനിറ്റ്‌സിൽ ഈ പേരില്ലെന്നു പറഞ്ഞാണ് അജൻഡ കൊണ്ടുവന്നത്. മാനുഷിക പരിഗണന വച്ചു വിഷയത്തിൽ ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നു മേയർ അജിത വിജയൻ വ്യക്തമാക്കി.

അതേസമയം തങ്ങൾക്കു ഇക്കാര്യത്തിൽ ഒരു ബന്ധവുമില്ലെന്നു പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ വ്യക്തമാക്കിയത് ദുരൂഹമായി. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ടു നടത്തിയ പഠനയാത്രകളെ പ്രതിപക്ഷം പരിഹസിച്ചു. കോർപറേഷനിലെ ദിവസവേതന തൊഴിലാളികളുടെ ഇ.പി.എഫുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനാൽ പിഴയൊടുക്കേണ്ടിവന്ന വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നു പിഴത്തുക ഈടാക്കാൻ തീരുമാനിച്ചു.

അക്കൗണ്ടിലേക്കു അടയ്ക്കേണ്ട തുക കോർപറേഷൻ നൽകും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ അലംഭാവം അനുവദിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. വടക്കെ ബസ് സ്റ്റാൻഡിൽ ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുന്നതു സംബന്ധിച്ച പ്രവൃത്തികൾക്കു തടസമുണ്ടെന്നു കണ്ടെത്തി പദ്ധതിയിൽ മാറ്റംവരുത്തുന്നതിനേയും പ്രതിപക്ഷം വിമർശിച്ചു. ഒന്നും പരിശോധിക്കാതെയാണ് പല തീരുമാനങ്ങളുമെടുക്കുന്നത് എന്നായിരുന്നു ആക്ഷേപം. ഭരണപക്ഷത്തു നിന്നു അതിനു മറുപടിയുണ്ടായില്ല.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എൽ. റോസി, എം.എസ്. സമ്പൂർണ, ടി.ആർ. സന്തോഷ് കുമാർ, ഫ്രാൻസിസ് ചാലിശേരി, സി.ബി. ഗീത, കെ. മഹേഷ്, വിൻഷി അരുൺകുമാർ, അനൂപ് കരിപ്പാൽ, അജിത ജയരാജൻ, ശശിധരൻ, ഐ. ലളിതാംബിക എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.