ചാലക്കുടി: വേണമെങ്കിൽ ചക്ക കടപ്ലാവിലും കായ്ക്കും. ചൗക്ക കുട്ടാടംചിറ കുളത്തിന് സമീപം കൃഷിയിടത്തിലാണ് കടപ്ലാവിൽ സാധാരണ ചക്കകൾ വിളയുന്നത്. പല കൊമ്പുകളിലായി പതിനഞ്ചോളം ചക്കകളുണ്ട്. എല്ലാത്തിനും കടച്ചക്കയേക്കാൾ വലിപ്പവും. ട്രാംവേ റോഡിലെ എലവുങ്ങൽ കുഞ്ഞാമന്റെ പറമ്പിലാണ് ഈ അപൂർവ വിള. നേരത്ത ഒരു ചക്ക പറിച്ചെടുത്ത് കുഞ്ഞാമൻ പരിശോധിച്ചു. ചുളകൾ തീരെ കുറവാണ്. എന്നാൽ ഇതു രുചിച്ചുനോക്കാൻ ഹോട്ടലുടമയായ കുഞ്ഞാമൻ മിനക്കെട്ടില്ല. മരവും ഇലകളുമെല്ലാം കടപ്ലാവിന്റേത് തന്നെ. കായകൾക്കു മാത്രമാണ് മാറ്റം.