പാവറട്ടി: കോൾ കർഷകർക്ക് വേണ്ടി വെങ്കിടങ്ങ് പഞ്ചായത്ത് ഏനാമാവ് ഫെയ്‌സ് കനാലിൽ നടപ്പാലം നിർമ്മിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് കർഷക പാലം നിർമ്മിച്ചത്. വടക്കെ കോഞ്ചിറ കോൾപടവ്, പടിഞ്ഞാറെ കരിമ്പാടം കോൾപടവ് എന്നീ പാടശേഖരങ്ങളെ ബന്ധപ്പെടുത്തി ഫെയ്‌സ് കനാലിനു കുറുകെ നിർമ്മിച്ച 'പഞ്ചായത്ത് നടപ്പാലം' കർഷകരുടെ ദുരിതയാത്രയ്ക്ക് പരിഹാരമാകും.

നല്ല ഒഴുക്കുള്ള കനാലിന് കുറുകെ താത്കാലികമായി നിർമ്മിക്കുന്ന മുളപ്പാലത്തിലൂടെയാണ് കർഷകർ കോൾപ്പാടത്തേക്കുള്ള വിത്തും വളവും തലച്ചുമടായി എത്തിച്ചിരുന്നത്. ആദ്യകാലങ്ങളിൽ പല അപകങ്ങളും ഉണ്ടായിട്ടുണ്ടെന്ന് കർഷകർ പറഞ്ഞു. സ്ഥിരമായി പഞ്ചായത്ത് പാലം വന്നതോടെ തലയിൽ ചുമട് താങ്ങിയുള്ള അപകടം നിറഞ്ഞ യാത്രയ്ക്ക് അറുതിയാകും.

വാർഡ് അംഗം കെ.വി. വേലുക്കുട്ടിയുടെ ഇടപ്പെടലിലൂടെയും പടവ് കമ്മിറ്റികളുടെ സഹകരണത്തോടെയുമാണ് 'പഞ്ചായത്ത് പാലം ' യാഥാർത്ഥ്യമായത്. അടുത്ത ദിവസം മുരളി പെരുനെല്ലി എം.എൽ.എ പാലം കർഷകർക്ക് തുറന്നുകൊടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.