ചെറുതുരുത്തി: ചെറുതുരുത്തി ഗവ: എൽ.പി സ്കൂളിൽ ഭാരതപ്പുഴ പഠന ക്ലബ് പദ്ധതിക്കു തുടക്കം. എൽ.പി തലത്തിലുള്ള വിദ്യാർത്ഥികൾക്ക് പുഴ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചു അറിവു പകരാനാണ് സ്കൂൾ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കിയത്. ഭാരതപ്പുഴയെ അറിയാനും, പഠിക്കാനും, പുഴ സംരക്ഷിക്കാൻ എന്ന സന്ദേശവുമായി ആരംഭിച്ച ഭാരതപ്പുഴ പഠന ക്ലബ് എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സി. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.യു. മുസ്തഫ അദ്ധ്യക്ഷനായ യോഗത്തിൽ വള്ളത്തോൾ നഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുലൈമാൻ പുഴ മാഗസിൻ പ്രകാശനം ചെയ്തു. പ്രധാന അദ്ധ്യാപിക സി.എസ്. വത്സല, അബ്ദുൾ മനാഫ്, പി.എം. നൗഫൽ, നസീബ, കെ.എം. ഉമ്മർ, കെ.പി. ഷീജ തുടങ്ങിയവർ പ്രസംഗിച്ചു. സുബിൻ ചെറുതുരുത്തി, മണി ചെറുതുരുത്തി എന്നിവരുടെ ഭാരതപ്പുഴ ഫോട്ടോ പ്രദർശനം, ആലിഫ് ഷാ സംവിധാനം ചെയ്ത ടെലിഫിലിം പ്രദർശനം എന്നിവ നടന്നു.