ചേർപ്പ്: കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് ചേർപ്പിൽ തുടക്കമായി. ഇന്നലെ രാവിലെ ചേർപ്പ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം പ്രതിനിധി സമ്മേളനം ആരംഭിച്ചു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. മുരളി പെരുനെല്ലി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ. ഡേവീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി. രവീന്ദ്രൻ രക്തസാക്ഷി പ്രമേയവും സെബി ജോസഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ പി.ആർ. വർഗ്ഗീസ്, ഓമല്ലൂർ ശങ്കരൻ, കെ.കെ. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. മന്ത്രി എ.സി മൊയ്തീൻ, മുൻ എം.എൽ. എ സി.എച്ച്. കുഞ്ഞബു, സി.ഐ.ടി.യു കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ഷാജൻ, കർഷക സംഘം ജില്ലാ ട്രഷറർ എ.എസ്. കുട്ടി എന്നിവർ പങ്കെടുത്തു.
ജില്ലയിലെ 16 ഏരിയകളിൽ നിന്നായി 430 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ബുധനാഴ്ച വൈകീട്ട് നാലുവരെ പ്രതിനിധി സമ്മേളനം തുടരും. പുതിയ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും ബുധനാഴ്ച തെരഞ്ഞെടുക്കും. വൈകീട്ട് 5ന് ചേർപ്പ് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് 5000 പേർ പങ്കെടുക്കുന്ന പ്രകടനവും പാറളം ജോസഫ് നഗറിൽ പൊതുസമ്മേളനവും നടക്കും. അഖിലേന്ത്യ കിസാൻ സഭ ജോയിന്റ് സെക്രട്ടറി ഡോ. വിജു കൃഷ്ണൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.