തൃശൂർ: ജനവാസകേന്ദ്രങ്ങളോട് ചേർന്നുള്ള വനങ്ങൾ വെട്ടിത്തെളിച്ച് നിർമ്മാണം നടത്തുന്നതും ക്വാറി, മണ്ണെടുപ്പ് തുടങ്ങിയ ഖനനപ്രവർത്തനങ്ങളും കാലാവസ്ഥാ വ്യതിയാനവും കാരണം കാടിറങ്ങുന്ന പാമ്പുകൾ കൂടുകയാണെന്ന് വിദഗ്ദ്ധർ.

സ്വാഭാവിക ആവാസസ്ഥലങ്ങൾ നശിപ്പിക്കുമ്പോൾ ആന, കാട്ടുപന്നി, മയിൽ എന്നിവയെപ്പോലെ വിഷപ്പാമ്പുകളും ജനവാസകേന്ദ്രങ്ങളിൽ എത്തുന്നുണ്ടെന്നാണ് അനൗദ്യോഗികപഠനങ്ങൾ വ്യക്തമാക്കുന്നത്. മഴ മാറി ചൂട് കൂടുന്ന സമയമായതിനാൽ ഈ കാലങ്ങളിൽ പാമ്പുകൾ മാളങ്ങൾ വിട്ട് പുറത്തിറങ്ങും. തണുപ്പുളള കുറ്റിക്കാടുകളിലും വീടുകളിലെയും സ്കൂൾ അടക്കമുളള സ്ഥാപനങ്ങളിലെ ഈർപ്പമുളള സ്ഥലങ്ങളിലുമെത്തും. പൈപ്പിനടുത്തും ഭക്ഷ്യഅവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങളിലും പാമ്പുകൾ വരാനുളള സാദ്ധ്യത ഏറെയാണ്.

ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് ക്വാർട്ടേഴ്‌സ്, വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മുറിയിലെ ഷെൽഫിലും വിറക്, അലമാര തുടങ്ങിയ വീട്ടുപകരണങ്ങൾക്കിടയിലും പാമ്പുകളെ കണ്ടെത്തി പിടികൂടിയിരുന്നു. പാമ്പുകൾ ഇണചേരുന്ന കാലമായതിനാൽ കൂടുതൽ ശ്രദ്ധിക്കണമെന്നും പാമ്പ്പിടിത്തക്കാർ പറയുന്നു. ചാലക്കുടിയിൽ വിദ്യാർത്ഥിയ്ക്ക് പാമ്പ്കടിയേൽക്കുകയും ഒളരിയിൽ ക്ളാസ്മുറിയിൽ നിന്ന് പാമ്പിനെ പിടികൂടുകയും ചെയ്ത പശ്ചാത്തലത്തിൽ ആരോഗ്യ,വിദ്യാഭ്യാസ വകുപ്പുകൾ പ്രതിരോധനടപടികൾ ശക്തമാക്കിയിട്ടുണ്ട്.

''വിഷപ്പാമ്പുകൾ വളരെ സാവധാനം സഞ്ചരിക്കുന്നവയാണ്. ശീതരക്തമുള്ളവയുമാണ്. അന്തരീക്ഷ താപനിലയ്ക്ക് അനുസൃതമായി ഇവയുടെ ശരീരത്തിലെ താപനിലയും വ്യതാസപ്പെടും. താപനില കൂടുമ്പോൾ മൂർഖനാണ് പെട്ടെന്ന് അസ്വസ്ഥതയുണ്ടാകുന്നത്.''

-ഡോ. എം.കെ. നാരായണൻ (വെറ്ററിനറി സർവകലാശാല)

ശുചീകരണം ഉൗർജ്ജിതമാക്കും

"വിദ്യാഭ്യാസ ഓഫീസർമാരെയും ഹെഡ്മാസ്റ്റർമാരെയുമെല്ലാം വിളിച്ച് ചേർത്ത് സ്കൂൾ പരിസരം ശുചീകരണം നടത്തണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പി.ടി.എ പ്രസിഡൻ്റുമാരേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികൃതരെയും ഉൾപ്പെടുത്തി ഇത്തരം പ്രവർത്തനങ്ങൾ വിപുലീകരിക്കും. വിദ്യാർത്ഥികൾക്ക് അപകടങ്ങൾ സംഭവിക്കുമ്പോൾ ഉടൻ തന്നെ അദ്ധ്യാപകർ ആശുപത്രിയിലെത്തിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.''
-എൻ.ഗീത, ഡി.ഡി.ഇ

പ്രാഥമിക ലക്ഷണങ്ങൾ

@ വിഷപല്ലുകളുടെ പാട് കാണാം. മുറിവുകൾ ഉണ്ടാകാം.
@ കടിയേറ്റഭാഗത്ത് ചുറ്റും നീരും വീക്കവും വരാം.
@ മുറിവിലൂടെ രക്തം തുടർച്ചയായി വരുന്നുണ്ടാകാം.
@ ചുറ്റുമുള്ള ത്വക്കിലെ നിറത്തിൽ വ്യത്യാസമുണ്ടാകും.
@ കടിയേറ്റ ഭാഗത്ത് ശക്തമായ നീറ്റലും വേദനയും.

@ വായിൽ നുരയും പതയും, ഛർദ്ദി, ശ്വാസംമുട്ടൽ

@ നാവ് കുഴഞ്ഞുപോകുക, വിറയൽ, വയർ വേദന.

@ കൺപോള അടഞ്ഞു പോകുക, തല കറങ്ങുക.

ആൻ്റിവെനം നൽകുന്ന ആശുപത്രികൾ:

മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജ്.
ജൂബിലി മെഡിക്കൽ കോളേജ്, തൃശൂർ.

അമല മെഡിക്കൽ കോളേജ്, അമല.
ഇരിങ്ങാലക്കുട സഹകരണ ആശുപത്രി.
മലങ്കര ആശുപത്രി, കുന്നംകുളം.
എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി.
ജനറൽ ആശുപത്രി, തൃശൂർ.
ജില്ലാ ആശുപത്രി, വടക്കാഞ്ചേരി.
താലൂക്ക് ആശുപത്രി, കൊടുങ്ങല്ലൂർ.
താലൂക്ക് ആശുപത്രി, ചാലക്കുടി.
താലൂക്ക് ആശുപത്രി, പുതുക്കാട്.
താലൂക്ക് ആശുപത്രി, കുന്നംകുളം