കഴിഞ്ഞദിവസം കോവാട്ടുകുന്നിൽ ആന നശിപ്പിച്ച വാഴത്തോട്ടം
വെള്ളിക്കുളങ്ങര: രണ്ടുകൈ വനമേഖലയിൽ ആനശല്യം വർദ്ധിക്കുന്നു. കഴിഞ്ഞദിവസം രാത്രി 12 ഓടെ കോവാട്ടുകുന്നിൽ പടിഞ്ഞാക്കര ജോസഫ് ചാക്കപ്പന്റെ തോട്ടത്തിൽ കുണ്ടുപറമ്പൻ സജനും ചെട്ടിത്തോട്ടത്തിൽ സുബ്രനും ചേർന്ന് കൃഷിയിറക്കിയ 300 നേന്ത്രവാഴയും 47 റബ്ബർ മരങ്ങളുമാണ് ആന ഒരു രാത്രികൊണ്ട് നശിപ്പിച്ചത്. ഈ തോട്ടത്തിൽ ഇത് മൂന്നാം തവണയാണ് ആനയിറങ്ങുന്നത്. 4000 ഓളം വാഴകൾ കൃഷിചെയ്ത തോട്ടത്തിൽ മൂന്നുതവണയായി പൂവനും നേന്ത്രയും കൂടി 1000ത്തോളം കുലച്ച വാഴകളാണ് ആനകൾ നശിപ്പിച്ചത്. തോട്ടത്തിൽ കൃഷിവിഭവങ്ങൾ ശേഖരിക്കാനായി നിർമിച്ച ഷെഡും പലതവണ നശിപ്പിച്ചിട്ടുണ്ട്.
ഒരാഴ്ച മുൻപ് ഉച്ചതിരിഞ്ഞ് മൂന്നോടെ മരുതുകുഴിയിൽ ആനയെകണ്ട് ഓടിരക്ഷപ്പെടുന്നതിനിടെ ഒരാൾക്ക് പരുക്കേറ്റിരുന്നു. വടാശേരി ജോഷിക്കാണ് പരുക്കേറ്റത്. വീടിനോട് ചേർന്ന പറമ്പിലെ 100 ഓളം കുലച്ച നേന്ത്രവാഴകൾ നശിപ്പിച്ചിരുന്നു. കുട്ടികൾ ആനയെകണ്ട് പേടിച്ച് വീട്ടിലെത്തി പറഞ്ഞതോടെ ആനയെ ഓടിക്കാനായി എത്തിയതാണ് ജോഷി. എന്നാൽ ജോഷിയെ ആക്രമിക്കാനായി ആന പാഞ്ഞടുത്തു. ഓടി രക്ഷപ്പെടുന്നതിനിടെ ജോഷി നെഞ്ചടിച്ച് വീണ് സാരമായി പരിക്കേറ്റു. ചികിത്സതേടിയ ജോഷി ഇപ്പോൾ മൂന്ന് മാസത്തെ വിശ്രമത്തിലാണ്.
ആറ് മാസത്തോളമായി ഈ മേഖലയിലെ വന്യജീവി ശല്യം വർദ്ധിച്ചിരിക്കുകയാണ്. ബന്ധപ്പെട്ട അധികൃതർ വന്യജീവി ശല്യം തടയാനുള്ള നടപടിയെടുക്കണമെന്നും സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ഫെൻസിംഗും നശിപ്പിക്കുന്നു
വർഷങ്ങളായി ഉണ്ടായിരുന്ന വന്യമൃഗശല്യം തടയുന്നതിനായി ഒന്നരവർഷം മുമ്പ് കാടിന് ചുറ്റും ഫെൻസിംഗ് സ്ഥാപിച്ചിരുന്നു. മാൻ ശല്യമാണ് അധികമുണ്ടായിരുന്നത്. ആനയും പന്നിയും കൃഷികൾ നശിപ്പിക്കുന്നതും പതിവായിരുന്നു. ഫെൻസിംഗ് സ്ഥാപിച്ച് രണ്ട് മാസത്തോളം വന്യമൃഗശല്യം വളരെ കുറവായിരുന്നു. എന്നാൽ രണ്ട് മാസം കഴിഞ്ഞതോടെ ഫെൻസിംഗ് ആനകൾ നശിപ്പിച്ച് ജനവാസമേഖലകളിലേക്ക് വന്നുതുടങ്ങി. ഫെൻസിംഗിൽ മുട്ടുമ്പോൾ ആനകൾക്ക് കരണ്ട് അടിച്ച് പിൻവാങ്ങുമെങ്കിലും മരം തള്ളിയിട്ടും കമ്പികൾ ഘടിപ്പിച്ചിരിക്കുന്ന പോസ്റ്റുകൾ വളച്ചും ഫെൻസിംഗ് നശിപ്പിച്ചു.