തൃശൂര്‍: കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ 13-ാം സംസ്ഥാന സമ്മേളനം 30ന് തൃശൂരില്‍ നടക്കും. കൗസ്തുഭം ഓഡിറ്റോറിയത്തിലെ ഗജരാജന്‍ തിരുവമ്പാടി ശിവസുന്ദര്‍ നഗറില്‍ രാവിലെ പത്തിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷനാകും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ടി.എന്‍. പ്രതാപന്‍ എം.പി, മേയര്‍ അജിത വിജയന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
കേരളത്തിലെ മുതിര്‍ന്ന ആനചികിത്സകര്‍ക്ക് നല്‍കുന്ന ഐരാവത ഭിഷഗ്വര ശ്രേഷ്ഠ പുരസ്‌കാരം ഡോ. കെ.സി. പണിക്കര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രനും മാതംഗ ജീവതവര്യ പുരസ്‌കാരം ആവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാടിന് മന്ത്രി വി.എസ്. സുനില്‍കുമാറും സമ്മാനിക്കും. കേരളത്തിലെ മികച്ച ആനപാപ്പാനുള്ള ഡേവിസേട്ടന്‍ സ്മാരക ഗജമിത്ര പുരസ്‌കാരം മണി എരിമയൂരിന് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ സമ്മാനിക്കും. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ പാപ്പാന്‍ മൂക്കുതല നാരായണന്‍ നായരെ ഡോ. ടി.എ. സുന്ദര്‍ മേനോന്‍ ആദരിക്കും. ഗജചികിത്സാ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ. പി.ബി. ഗിരിദാസിനെ യോഗം ആദരിക്കും.
ആനകളില്‍ നിന്നും അപകടം സംഭവിച്ച് ചികിത്സയില്‍ കഴിയുന്ന പാപ്പാന്മാര്‍ക്കുള്ള സഹായവിതരണം, അവശത അനുഭവിക്കുന്ന ആനത്തൊഴിലാളികള്‍ക്കുള്ള ധനസഹായ വിതരണം, കേരളത്തിലെ മുതിര്‍ന്ന ആന ഉടമകളെ ആദരിക്കല്‍, ആനപ്രേമി സംഘടനകളെ ആദരിക്കല്‍, മേളപ്രമാണിമാരായ കിഴക്കൂട്ട് അനിയന്‍ മാരാരെയും കേളത്ത് അരവിന്ദാക്ഷന്‍ മാരാരെയും ആദരിക്കല്‍, പ്രകൃതി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ എലിഫന്റ് സ്‌ക്വാഡ് അംഗങ്ങളെ ആദരിക്കല്‍, മുതിര്‍ന്ന ആന ഡെക്കറേഷന്‍ ഏജന്റിനെയും ആനതൊഴിലാളികളെയും ആദരിക്കല്‍, ആന ഉടമകള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, കലണ്ടര്‍ പ്രകാശനം, വെബ്‌സൈറ്റ് ഉദ്ഘാടനം എന്നിവയും നടക്കും.
ഉച്ചയ്ക്ക് 12 മുതല്‍ ഒന്നുവരെ കിഴക്കൂട്ട് അനിയന്‍ മാരാരും കേളത്ത് അരവിന്ദാക്ഷന്‍ മാരാരും നയിക്കുന്ന പാണ്ടിമേളവും ഉണ്ടാകും. ഫെഡറേഷന്‍ ഭാരവാഹികളായ പി. ശശികുമാര്‍, പി.എസ്. ജയഗോപാല്‍, പി. മധു, പ്രൊഫ. എന്‍. രാധാകൃഷ്ണന്‍, ചന്ദ്രന്‍ രാമന്‍തറ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.