തൃശൂർ: ഒളരി ഗവ. എൽ.പി സ്‌കൂളിൽ കോർപറേഷൻ ഒരു കോടി രൂപ ചെലവിൽ ബഡ്‌സ് സ്‌കൂൾ നിർമ്മിക്കും. 2020 മാർച്ചിൽ ഉദ്ഘാടനം പ്രതീക്ഷിക്കുന്ന സ്‌കൂൾ രണ്ട് നിലകളിലായാണ് നിർമ്മിക്കുക. 90 ലക്ഷം കെട്ടിടത്തിനും, ആറ് ലക്ഷം വൈദ്യുതീകരണത്തിനും ഉപയോഗിക്കും. ബാക്കി നാല് ലക്ഷം ബഡ്‌സ് സ്‌കൂളിൽ പ്രവേശനം നേടുന്ന ഭിന്നശേഷി, ഓട്ടിസം കുട്ടികൾക്ക് ഫർണിച്ചറുകൾ വാങ്ങാൻ ഉപയോഗിക്കും. കോർപറേഷന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന സ്‌കൂളിന്റെ താഴത്തെ നില 288 ചതുരശ്ര അടിയും, മുകളിൽ 280 ചതുരശ്ര അടിയുമായിരിക്കും.
ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഒളരി ഗവ.സ്‌കൂളിലെ എൽ.പി വിഭാഗത്തിലെ പഴയ കെട്ടിടം പൊളിച്ചാണ് കെട്ടിടം നിർമ്മിക്കുക. താഴത്തെ നിലയിൽ ശാരീരിക, മാനസിക വൈകല്യം നേരിടുന്ന കുട്ടികളുടെ സഞ്ചാര സൗകര്യത്തിന് അനുസൃതമായി രണ്ട് ക്ലാസ് മുറികളും ഓഫീസ് മുറിയും ടോയ്‌ലെറ്റും അടുക്കളയും ഫിസിയോതെറാപ്പി മുറിയും ഒരുക്കും. മുകളിൽ അദ്ധ്യാപകർക്കുള്ള മുറിയും രക്ഷാകർത്താക്കൾക്കായി കാത്തിരിപ്പ് മുറിയും കൗൺസിലിംഗ് മുറിയും ഉണ്ടാകും. മുകളിലേക്കുള്ള ചവിട്ടുപടികൾ ഉറപ്പുള്ള കൈവരികളാൽ ബലപ്പെടുത്തും. ഏതാണ്ട് 50 ഓളം കുട്ടികൾക്ക് പ്രവേശനം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.