തൃശൂർ: സ്‌കൂളുകളിൽ പാമ്പുകളെ കണ്ടെത്തിയ സംഭവത്തിൽ ശക്തമായ ഇടപെടലുകളുമായി കളക്ടർ. കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട ഒളരിക്കര ഗവ. യു.പി സ്‌കൂളിൽ കളക്ടർ എസ്. ഷാനവാസ് സന്ദർശനം നടത്തി. ഇഴജന്തുക്കൾ താവളമാക്കുന്ന പഴയ സാധനങ്ങൾ എത്രയും പെട്ടെന്നു സ്‌കൂൾ പരിസരത്തു നിന്നും നീക്കം ചെയ്യണമെന്ന് കളക്ടർ സ്‌കൂൾ അധികൃതരോടു ആവശ്യപ്പെട്ടു. സർക്കാർ അനുമതിക്കു കാത്തുനിൽക്കാതെ പഴയ സാധനങ്ങൾ ലേലം ചെയ്യുന്നതിനു പ്രത്യേക അനുമതി നൽകാമെന്ന് കളക്ടർ ഉറപ്പു നൽകി. സ്‌കൂൾ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കെ പാമ്പുകടിയേറ്റ ചാലക്കുടി കാർമൽ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ചാലക്കുടി കണ്ണനായ്ക്കൽ ഷൈജന്റെ മകൻ ജെറാൾഡിനെ കളക്ടർ എസ്. ഷാനവാസ് കഴിഞ്ഞ ദിവസം രാത്രി തന്നെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ എത്തി ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.
ഒളരിക്കര സ്‌കൂളിലെത്തിയ കോർപറേഷൻ കൗൺസിലർ രഞ്ജിനി ബിജു, വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പ്രശാന്ത് ലാൽ, സ്‌കൂൾ പ്രിൻസിപ്പൽ പി. മീര, എം.ബി. ബിജു, സാജു കുണ്ടോളി, മാനവൻ എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടുകൂടിയാണ് ക്ലാസ് മുറിയിൽ അണലിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ പിടികൂടിയത്.