college
ബി.എഡ് കോളേജിനായി പോട്ടയിൽ നൽകിയ സ്ഥലത്തെ കൈയ്യേറ്റം നഗരസഭാ അധികൃതർ ഒഴിപ്പിക്കുന്നു

ചാലക്കുടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.എഡ് കോളേജ് സ്ഥാപിക്കുന്നതിനായി നഗരസഭ പോട്ടയിൽ അനുവദിച്ച അമ്പത് സെന്റ് സ്ഥലത്തെ കൈയ്യേറ്റം ഒഴിപ്പിച്ചു. ആശാരിപ്പാറയിലെ നഗരസഭയുടെ കളിസ്ഥലത്തോട് അനുബന്ധിച്ചുള്ള ഭൂമിയിലെ കൈയ്യേറ്റമാണ് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചത്. ജില്ലാ സർവെ സൂപ്രണ്ട് അളന്നു തിട്ടപ്പെടുത്തിയ പുറമ്പോക്ക് ഭൂമി, ചാലക്കുടി നഗരസഭയുടെ ഉപയോഗത്തിന് വിട്ടുനൽകുകയായിരുന്നു.

നാട്ടികയിൽ പ്രവർത്തിക്കുന്ന ബി.എഡ്. കോളേജാണ് പോട്ടയിലേക്ക് മാറ്റുന്നത്. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.ഡി. ദേവസി എം.എൽ.എയുടെ ശ്രമഫലമായാണ് ബി.എഡ്. കോളേജ് ചാലക്കുടിയിലേയ്ക്ക് ലഭിച്ചതെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ പറഞ്ഞു. പോട്ടയുടെ മുഖഛായ മാറുന്ന വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിലും വ്യക്തമാക്കി. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ യു.വി. മാർട്ടിൻ, വാർഡ് കൗൺസിലർ വി.ജെ. ജോജു എന്നിവരും സ്ഥലത്തെ ശുചീകരണത്തിന് നേതൃത്വം നൽകി. ചാലക്കുടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയ് മാളിയേക്കലും സന്നിഹിതനായി.