തൃശൂർ: വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യത്തിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് സാമൂഹിക പ്രവർത്തക. സാമൂഹിക പ്രവർത്തകയും ആം ആദ്മി പാർട്ടി വനിതാ വിഭാഗം മുൻ സംസ്ഥാന കൺവീനറുമായ റാണി ആന്റോയാണ് തൃശൂർ തെക്കെ ഗോപുരനടയ്ക്കു സമീപം മുടി വടിച്ച് പ്രതിഷേധിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു വ്യത്യസ്ഥമായ പ്രതിഷേധം.
നിരവധി പേർ റാണിക്ക് ഐക്യദാർഢ്യവുമായി എത്തിയിരുന്നു. ഇതിൽ കോഴിക്കോട് സ്വദേശി ബാലകൃഷ്ണൻ, നാട്ടിക സ്വദേശി ഗോവിന്ദൻ, വലക്കാട് സ്വദേശി ക്രിസ്റ്റഫർ എന്നിവരും തലമുണ്ഡനം ചെയ്തു.
വാളയാർ കേസ് വീണ്ടും ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനായാണ് ഇത്തരമൊരു പ്രതിഷേധം തെരഞ്ഞെടുത്തത്. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേരളമാകെ പദയാത്ര നടത്തുമെന്നും റാണി പറഞ്ഞു.