മാള: വിവാദ സ്വാമി സന്തോഷ് മാധവനിൽ നിന്ന് സർക്കാർ ഏറ്റെടുത്ത ജില്ലയിലെ പാടശേഖരം വെള്ളമില്ലാത്തതിനാൽ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിൽ. പൊയ്യ പഞ്ചായത്തിലെ ജില്ലാ അതിർത്തിയിലുള്ള 27 ഏക്കർ നെൽവയലാണ് സന്തോഷ് മാധവന്റെ പേരിൽ ഉണ്ടായിരുന്നത്. ഇതിനോട് ചേർന്നുള്ള എറണാകുളം ജില്ലയിൽ നൂറ് ഏക്കറോളം നെൽവയലും സന്തോഷ് മാധവനിൽ നിന്ന് സർക്കാർ ഏറ്റെടുത്തിരുന്നു.
ജില്ലയിലെ 27 ഏക്കറിൽ ഏഴ് ഏക്കർ മാത്രമാണ് കൃഷി ചെയ്യുന്നത്. ഈ കൃഷിയും വെള്ളമില്ലാതെ ഭീഷണിയിലാണ്. സ്വകാര്യ വ്യക്തിയുടെ കിണറിൽ നിന്ന് വെള്ളം എത്തിച്ചാണ് കഴിഞ്ഞ വർഷവും ഇവിടെ കൃഷി ചെയ്തത്. യോഗ്യമായ എല്ലാ സ്ഥലത്തും കൃഷിയിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വെള്ളമില്ലാത്തതിനാൽ യാതൊന്നും നടന്നില്ല. ഏറെ ചർച്ചകൾക്കും സന്തോഷ് മാധവന്റെ ബിനാമി ഭൂമാഫിയ ഇടപാടുകൾക്കും ഇടയായ വിവാദ ഭൂമിയിൽ വർഷങ്ങൾക്ക് ശേഷമാണ് 2017 ഒക്ടോബർ 29ന് കൃഷിയിറക്കിയത്. എന്നാൽ നാളിതുവരെ കൃഷി വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. മഠത്തുംപടിയിലെ പുരുഷ സംഘമാണ് അന്നും ഇന്നും ആ സ്ഥലത്ത് കൃഷി ചെയ്യുന്നത്.
സമ്പൂർണ തരിശ് രഹിത നിയോജക മണ്ഡലമായി കൊടുങ്ങല്ലൂരിലെ പ്രഖ്യാപിക്കുന്നതിന്റെ പ്രവർത്തനം 2017 ജൂൺ 9ന് തുടങ്ങിയെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ലെന്നാണ് സൂചന. തരിശ് സ്ഥലങ്ങൾ നൂറുകണക്കിന് ഏക്കറാണ് ഇപ്പോഴുമുള്ളത്. ആവശ്യത്തിന് വെള്ളമില്ലെന്നതാണ് കൂടുതൽ സ്ഥലങ്ങളെ കൃഷിയോഗ്യമല്ലാത്ത അവസ്ഥയിലാക്കിയത്. തരിശ് സ്ഥലത്ത് കൃഷിയിറക്കുന്നതിന് ഹെക്റ്ററിന് 25,000 രൂപ നൽകുന്നതല്ലാതെ ആവശ്യത്തിന് വെള്ളമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്ന ആക്ഷേപമാണുള്ളത്. ചാലക്കുടിപ്പുഴയെ പ്രയോജനപ്പെടുത്തി ജലസേചന പദ്ധതികൾ വ്യാപിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പുഴയിൽ നിന്ന് വെള്ളം കായലിലേക്ക് കൂടുതൽ ഒഴുകിപോകുന്നതല്ലാതെ പദ്ധതികൾ പ്രയോജനപ്പെടുത്തി കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്നില്ല. വർഷങ്ങൾക്ക് ശേഷം പുതിയ ജലസേചന പദ്ധതികളൊന്നും പ്രവർത്തികമാക്കുന്നതിന് കഴിഞ്ഞിട്ടില്ല.
ജലസേചന പദ്ധതികൾ കാർഷിക ആവശ്യത്തിന് കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന് കഴിയുന്ന നിലയിലേക്ക് ആവിഷ്‌ക്കരിക്കാതെ സബ്‌സിഡി നൽകി കൃഷി വ്യാപിപ്പിക്കുന്നത് ഗുണം ചെയ്യില്ല. കാർഷിക ആവശ്യത്തിന് വെള്ളമെത്തിക്കാൻ കഴിയാത്ത അധികൃതർ തരിശ് രഹിതം സ്വപ്നം കാണുന്നതിലെ പൊരുത്തക്കേടാണ് കർഷകർക്ക് മനസിലാകാത്തത്.