തൃശൂർ: 'ഹാപ്പി ഡേയ്‌സ്' നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ പവിത്രതയ്ക്ക് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി വിവാദമുയർന്നിട്ടും പരിപാടിയുമായി ബന്ധപ്പെട്ട് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്.
അതേസമയം വടക്കുന്നാഥ ക്ഷേത്രമൈതാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പാറമേക്കാവ് ഭരണസമിതി ഏകകണ്ഠമായി പ്രമേയം പാസാക്കി. ഇതോടെ, ഡിസംബർ 15 മുതൽ ജനുവരി 15 വരെ നടക്കുന്ന ഷോപ്പിംഗ് മേളയുടെ ഭാഗമായി ഭക്ഷ്യമേളകളും പുതുവത്സര ആഘോഷവും വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടത്താനുള്ള ശ്രമം ഉപേക്ഷിച്ചേക്കും. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമൈതാനം തൃശൂർ പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും മറ്റ് ആദ്ധ്യാത്മിക പരിപാടികൾക്കും മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ ഉത്തരവിനെ മറികടന്ന് യോഗങ്ങളും കച്ചവട പരിപാടികളും നടത്തി തീർത്ഥാടകരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിൽ വൃത്തിഹീനമാക്കുന്നുണ്ടെന്ന് പ്രമേയം പറയുന്നു. കഴിഞ്ഞ വർഷത്തെ വേല ആഘോഷത്തിനിടെ വടക്കുന്നാഥ മൈതാനത്തിൽ പ്രതിബന്ധങ്ങൾ ഉണ്ടായതിനാലാണ് മുൻകൂട്ടി ഇക്കാര്യം വ്യക്തമാക്കുന്നതെന്നും ഭരണസമിതി യോഗം ചൂണ്ടിക്കാട്ടി.
പ്രമേയത്തിലുള്ളത് :
ഡിസംബർ, ജനുവരി ശബരിമല തീർത്ഥാടന കാലമായതിനാൽ ഷോപ്പിംഗ് ഫെസ്റ്റിവൽ ഭക്തർക്ക് അലോസരമുണ്ടാക്കാം.
ക്ഷേത്രങ്ങളിൽ സ്‌പെഷ്യൽ പൂജകളും ശാസ്താംപാട്ടും കളമെഴുത്തുപാട്ടും നടക്കുന്നതിനാൽ സഞ്ചാരസ്വാതന്ത്ര്യം മുടക്കരുത്
ജനുവരിയിൽ വടക്കുന്നാഥനിൽ ആതിരോത്സവം അരങ്ങേറുന്നതിന് ഫെസ്റ്റിവൽ തടസമാകരുത്
ഡിസംബർ അവസാനം പാറമേക്കാവിലെ ദേശപ്പാട്ടും ജനുവരി മൂന്നിന് വേല അടിയന്തരവും തടസപ്പെടരുത്
തൃശൂർ പൂരത്തെ വെല്ലുന്ന തരത്തിൽ ഫെസ്റ്റിവൽ നടത്തുമെന്ന പ്രചാരണം ജനവികാരത്തെ മുറിപ്പെടുത്തും
വടക്കുന്നാഥ ക്ഷേത്രവും മൈതാനവും:
1500 വർഷത്തെ പഴക്കവും പാരമ്പര്യവും. യുനെസ്‌കോ അംഗീകാരമുളള പൈതൃകസ്ഥാനം
ഫുഡ് ഫെസ്റ്റ് നടത്താനാവില്ല
''വടക്കുന്നാഥ മൈതാനത്ത് ഒരിക്കലും ഫുഡ് ഫെസ്റ്റ് നടത്താൻ അനുവാദം നൽകില്ല. സംഘാടക സമിതി ഇതേ വരെ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ടിട്ടില്ല. ക്ഷേത്രഭൂമി എന്ന നിലയിൽ ആചാരങ്ങൾ നിലനിറുത്തിക്കൊണ്ട് വടക്കുന്നാഥ മൈതാനത്തിന് സംരക്ഷണം ഉറപ്പുവരുത്തും. വിശദവിവരങ്ങൾ ലഭിച്ചശേഷം പരിശോധിച്ച് തീരുമാനമെടുക്കും.''
എ.ബി മോഹനൻ, പ്രസിഡന്റ്, കൊച്ചിൻ ദേവസ്വം ബോർഡ്.