തൃശൂർ : കുട്ടികൾക്കു നേരെ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയുക, സുരക്ഷിതത്വമേകുക എന്നിവ ലക്ഷ്യമാക്കി പൊലീസ് നടത്തുന്ന 'കുഞ്ഞേ നിനക്കായ്' പോക്‌സോ ബോധവത്കരണ കാമ്പയിന് തൃശൂരിൽ തുടക്കമായി. കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിർവഹിച്ചു. കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിൽ എല്ലാവർക്കും പങ്കുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണ് പൊലീസിന്റെ ലക്ഷ്യം. തൃശൂർ ജില്ലയിലെ പോക്‌സോ കേസുകൾ വ്യക്തിപരമായി തന്നെ വേദനിപ്പിച്ചതായി ഡി.ജി.പി പറഞ്ഞു. അതിനാലാണ് കാമ്പയിന് ഇവിടെ നിന്ന് തുടക്കമിടുന്നത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായും പോക്‌സോ ബോധവത്കരണ കാമ്പയിൻ നടത്തുമെന്നും ഡി.ജി.പി അറിയിച്ചു. തിരുവനന്തപുരം ക്രൈം ഐ.ജി എസ്. ശ്രീജിത്ത്, തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രൻ, ദിവ്യ ഗോപിനാഥ്, സിറ്റി പൊലീസ് കമ്മിഷണർ യതീഷ്ചന്ദ്ര ജി.എച്ച്, തൃശൂർ റൂറൽ പൊലീസ് മേധാവി കെ.പി. വിജയകുമാരൻ, ശംഖുമുഖം എ.സി.പി ഐശ്വര്യ, തൃശൂർ സി.ബി.സി.ഐ.ഡി എസ്.പി കെ. സുദർശനൻ, തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.ഡി ശ്രീനിവാസൻ, തൃശൂർ സിറ്റി എ.സി.പി വി.കെ. രാജു, സ്‌പെഷൽ ബ്രാഞ്ച് എ.സി.പി എസ്. ഷംസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. രാവിലെ സ്വരാജ് റൗണ്ടിൽ നടന്ന സൈക്കിൾ റാലിക്ക് ഡി.ജി.പി നേതൃത്വം നൽകി.