fest

തൃശൂർ: സാംസ്‌കാരിക തലസ്ഥാനത്തിന് സംഗീത, നൃത്തമേളങ്ങളുടെ പൂരം സമ്മാനിക്കുന്ന 'കിസ്‌ന ഡയമണ്ട് ജുവലറി കേരളകൗമുദി വിനീത് ശ്രീനിവാസൻ കൗമുദി നൈറ്റിന്" ഇന്നു വൈകിട്ട് ആറിന് തിരിതെളിയും. കേരളകൗമുദി തൃശൂർ എഡിഷന്റെ പതിനഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് അയ്യന്തോൾ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി അദ്ധ്യക്ഷത വഹിക്കും.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. കലാസന്ധ്യ സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്യും. റാം മാധവിനെയും പത്മശ്രീ നേടിയ സ്വാമി വിശുദ്ധാനന്ദയെയും ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിനെയും കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി പൊന്നാട അണിയിച്ച് ആദരിക്കും. കേരള സംഗീതനാടക അക്കാഡമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, കാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യർ, ദിനേഷ് ബാബു (മുഖ്യസ്‌പോൺസർ, കിസ്‌ന ഡയമണ്ട് ജുവലറി), ലക്ഷ്മി ജുവലറി മാനേജിംഗ് ഡയറക്ടർ സജീവ് രാമകൃഷ്ണൻ (കോ-സ്‌പോൺസർ) എന്നിവർ പങ്കെടുക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ സ്വാഗതവും ബ്യൂറോ ചീഫ് പ്രഭു വാരിയർ നന്ദിയും പറയും.