ചേർപ്പ് പഞ്ചായത്തിലെ വഴിയില്ലാത്ത അന്ധനായ സുരേഷിന്റെ വീട് ജില്ലാ കളക്ടർ എസ്. ഷാനവാസ് സന്ദർശിക്കുന്നു
തൃശൂർ: അന്ധനായ തനിക്കും കുടുംബത്തിനും നടക്കാൻ വഴി വേണമെന്ന പരാതിയിൽ കളക്ടർ റിപ്പോർട്ട് തേടി. സ്ഥലം സന്ദർശിച്ച ശേഷമാണ് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടത്. കാലങ്ങളായി താമസിക്കുന്ന വീടിന് വഴിയില്ലാത്തതിന്റെ ദുരിതമനുഭവിച്ച് ചേർപ്പ് പഞ്ചായത്തിലെ വെളിയത്ത് സുരേഷ് കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടർ എസ്. ഷാനവാസിനു മുൻപിൽ പരാതിയുമായി എത്തിയത്. എത്രയും പെട്ടെന്ന് പ്രശ്‌ന പരിഹാരം വേണം എന്നായിരുന്നു സുരേഷിന്റെയും കുടുംബത്തിന്റെയും അഭ്യർത്ഥന. കഴിഞ്ഞ രണ്ടു പ്രളയത്തിലും മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ അന്ധനായ സുരേഷിനും കുടുംബത്തിനും ഒന്നു പുറത്തിറങ്ങണമെങ്കിൽ പോലും അരകിലോമീറ്റർ ദൂരം വെള്ളക്കെട്ടിലൂടെയും പാടത്തുകൂടിയും നടന്നുപോകേണ്ട സ്ഥിതി നിലനിൽക്കെ കളക്ടർ ഇന്നലെ തന്നെ സുരേഷിന്റെ വീട് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.
ഊരകം വില്ലേജ് ഓഫീസർ വി.ജി പ്രസാദ്, സ്‌പെഷൽ വില്ലേജ് ഓഫീസർ യു.ജെ ക്രിസ്പിൻ എന്നിവർക്കൊപ്പമാണ് കളക്ടർ സുരേഷിന്റെ വീട് സന്ദർശിച്ചത്. തുടർന്ന് വില്ലേജ് ഓഫീസറോട് റിപ്പോർട്ട്‌തേടുകയും ചെയ്തു. അവിവാഹിതനായ സുരേഷ് അനിയനും കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നത്.