ചാവക്കാട്: കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റതിനെ തുടർന്ന് യു.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ ദിനത്തിൽ ചാവക്കാട് നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം നഗരസഭാ ഓഫീസ് അടപ്പിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. പൊലീസും നേതാക്കന്മാരും ഇടപെട്ട് പ്രവർത്തകരെ പിരിച്ചു വിട്ടു. ഇതിനിടെ പൊലീസ് നഗരസഭാ ഓഫീസ് ഷട്ടർ അടച്ചു.
പിന്നീട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ.കെ. കാർത്യായനി ടീച്ചർ, കൗൺസിലർമാരായ ഷാഹിദ മുഹമ്മദ്, ഹിമ മനോജ്, ശാന്ത സുബ്രമണ്യൻ, സീനത്ത് കോയ, പി.വി. പീറ്റർ, കെ.എസ്. ബാബുരാജ് എന്നിവർ ഓഫീസിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ പൊലീസ് ഷട്ടർ തുറന്നില്ല. തങ്ങൾ നഗരസഭാ കൗൺസിലർമാരാണെന്നും പോകാൻ അനുവദിക്കണമെന്നും പറഞ്ഞിട്ടും പൊലീസ് ചെവി കൊണ്ടില്ല.
തുടർന്ന് ഏറെ നേരം കൗൺസിലർമാരും പൊലീസും തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി. പിന്നീട് ചാവക്കാട് സി.ഐ: ജി. ഗോപകുമാർ സംഭവ സ്ഥലത്തെത്തി കൗൺസിലർമാരെ നഗരസഭാ ഓഫീസിലേക്ക് കടത്തിവിട്ടു. മുകളിൽ നഗരസഭാ ഓഫീസിൽ കുത്തിയിരുന്ന് കൗൺസിലർമാർ പ്രതിഷേധിച്ച ശേഷം പൊലീസ് എത്തി ഇവരെ ഇവിടെ നിന്ന് നീക്കി.
ചേലക്കര സി.ഐ: ഇ. ബാലകൃഷ്ണൻ, പാവറട്ടി സി.ഐ: ഫൈസൽ, എസ്.ഐമാരായ യു. ഷാജഹാൻ, കെ.പി. ആനന്ദ്, വിൽസൺ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.