kda-kunje-ninakkay
കുഞ്ഞേ നിനക്കായി ബോധവൽക്കരണം നടത്തി

കൊടകര: പോക്‌സോ നിയമങ്ങളും ശിക്ഷയും ഇടപെടലുകളും വ്യക്തമാക്കുന്ന കുഞ്ഞേ നിനക്കായ് എന്ന പേരിൽ 17 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ കൊടകരയിലും വട്ടേക്കാടും കൊടകര പൊലീസിന്റെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു.

കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ സമൂഹ മനഃസാക്ഷിയെ ഉണർത്തുക, കുറ്റവാളികൾക്ക് കഠിന ശിക്ഷ ഉറപ്പാക്കുന്നതിനായി പൊതുസമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുക, സുരക്ഷിതത്വമേകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരള പൊലീസിന്റെ പോക്‌സോ ബോധവത്കരണ കാമ്പയിന്റെ ഭാഗമായുള്ള വീഡിയോ ആണ് പ്രദർശിപ്പിച്ചത്.

ചിത്രപ്രദർശനം, സൈക്കിൾ റാലി, ഫ്‌ളാഷ്‌മോബ്, തെരുവുനാടകം, ബോധവത്കരണ ക്ലാസുകൾ എന്നിവയും ഇതോടൊപ്പം നടത്തുന്നുണ്ട്. കൊടകര എസ്.ഐ: ഷിബു എൻ, പൊലീസ് ഓഫീസർ ബൈജു ടി.ടി, വനിതാ പൊലീസ് ജ്യോതി ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

നാളെ രാവിലെ 9.30ന് കോടാലി ആൽ ജംഗ്ഷൻ, 10.30ന് വെള്ളിക്കുളങ്ങര ജംഗ്ഷൻ, 11.30ന് കുറ്റിച്ചിറ സുമംഗലി ജംഗ്ഷൻ എന്നിവിടങ്ങളിലും പ്രദർശനം ഉണ്ടാകും.