കയ്പ്പമംഗലം : ചെന്ത്രാപ്പിന്നി ഈസ്റ്റിൽ സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർക്ക് കടന്നൽ കുത്തേറ്റു. ഗുരുതരാവസ്ഥയിലായ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്ത്രാപ്പിന്നി ഈസ്റ്റ് മാവുംവളവിൽ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. കൊല്ലാശേരി കൗസല്യയുടെ വീട്ടുവളപ്പിലാണ് കടന്നൽക്കൂട്ടം ഇളകി ആക്രമിച്ചത്. 82 വയസുള്ള കൗസല്യക്കും മകൾ പ്രേമലതയ്ക്കുമാണ് (60) ആദ്യം കുത്തേറ്റത്. ഇവരുടെ കരച്ചിൽ കേട്ട് രക്ഷിക്കാനെത്തിയവർക്കും കടന്നൽ കുത്തേറ്റു. മാടക്കായി വിഷ്ണു (27), സന്ദീപ് എന്നിവർക്കും സാരമായി കുത്തേറ്റു. നാല് പേരെയും കരാഞ്ചിറ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗസല്യ, പ്രേമലത എന്നിവർക്ക് ദേഹമാസകലം കുത്തേറ്റു. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.