radhayaathra-
അഖില ഭാരത ഭാഗവത സത്ര വേദിയിലേക്കുള്ള കൃഷ്ണ രഥം ഗുരുവായൂരിൽ നിന്ന് പുറപ്പെട്ടപ്പോൾ

ഗുരുവായൂർ: വൈക്കത്ത് നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രയജ്ഞ മണ്ഡപത്തിൽ പ്രതിഷ്ഠിക്കുന്നതിനുള്ള കൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥയാത്ര ഗുരുവായൂരിൽ നിന്ന് തുടങ്ങി. പൂജിച്ച കൃഷ്ണ വിഗ്രഹമാണ് അലങ്കരിച്ച രഥത്തിൽ എഴുന്നെള്ളിച്ചത്.

വ്യാഴാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കൃഷ്ണ വിഗ്രഹം കൈമാറി. തുടർന്ന് അത് രഥത്തിൽ പ്രതിഷ്ഠിച്ചു. യജ്ഞ വേദിയിൽ സ്ഥാപിക്കാനുള്ള വർണക്കൊടിക്കൂറകൾ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്‌ കൈമാറി.

അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ ആരതി ഉഴിഞ്ഞു. ദേവസ്വം ഭരണസമിതി അംഗം കെ.കെ. രാമചന്ദ്രൻ, സത്രം ചീഫ് കോ - ഓർഡിനേറ്റർ പി.വി. ബിനീഷ്, ബി. അനിൽകുമാർ, ഗുരുവായൂർ മണി സ്വാമി, വി. അച്യുതകുറുപ്പ്, ടി. നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം ചെമ്മനം ക്ഷേത്രത്തിൽ ഡിസംബർ 12 മുതൽ 22 വരെയാണ് സത്രം. ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച രഥയാത്ര മമ്മിയൂർ ക്ഷേത്രം, പാർത്ഥസാരഥി ക്ഷേത്രം, പെരുന്തട്ട ക്ഷേത്രങ്ങളിലും സ്വീകരണം നൽകി.