ജൈവകൃഷി രീതി അവലംബിച്ചതിന് ചേലക്കര നിയോജക മണ്ഡലത്തിന് സംസ്ഥാന തല അവാർഡ്

ചേലക്കര: ജൈവകൃഷി രീതി മികച്ച രീതിയിൽ നടപ്പിലാക്കിയതിന് ചേലക്കര നിയോജക മണ്ഡലത്തിന് സംസ്ഥാന തല അവാർഡ്. കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാറാണ് തിരുവനന്തപുരത്ത് അവാർഡ് വിവരം പ്രഖ്യാപിച്ചത്. അവാർഡ് തുകയായ 15 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും മണ്ഡലത്തിന് ലഭിക്കും.
അവാർഡ് നിർണയവുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടർ അടക്കമുള്ള വിദഗ്ദ്ധ സംഘം മണ്ഡലത്തിലെ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ 9 പഞ്ചായത്തുകളിലെയും കൃഷിയിടങ്ങൾ കഴിഞ്ഞ വർഷം സന്ദർശിച്ചിരുന്നു.

മാലിന്യ സംസ്‌കരണം, മണ്ണ് - ജല സംരക്ഷണം വിവിധതരം ജൈവ വളങ്ങളുടെ ഉത്പാദനം എന്നിവ മികച്ച രീതിയിൽ മണ്ഡലത്തിൽ നടപ്പാക്കുന്നുണ്ട്. തിരുവില്വാമലയിൽ പ്രവർത്തന സജ്ജമാക്കിയ ഖരമാലിന്യ പ്ലാന്റ് പ്രവർത്തനങ്ങൾക്ക് ഗുണകരമാകുന്നുണ്ട്.

ഹരിത കേരള മിഷന്റെ ഭാഗമായി മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം എന്ന ലക്ഷ്യം മുൻനിറുത്തി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് 'ക്ലീൻ പഴയന്നൂർ,​ ഗ്രീൻ പഴയന്നൂർ' എന്ന പദ്ധതിപ്രകാരം ജൈവ മാലിന്യം കമ്പോസ്റ്റാക്കി മാറ്റി 'കൃഷി മിത്ര' എന്ന ബ്രാൻഡിൽ ജൈവ വള വിതരണം വിപണനം ചെയ്യുന്നു.

നബാർഡ് ഇ.ഇ.സി പദ്ധതി ദേശീയ തൊഴിലുറപ്പ് പദ്ധതി, നീർത്തട സംരക്ഷണ പദ്ധതി എന്നിവയിലൂടെ ജലസ്രോതസുകളുടെ പുനരുദ്ധാരണം, പുതിയ സ്രോതസ്സുകളുടെ നിർമ്മാണം, സംരക്ഷണം എന്നിവ സാദ്ധ്യമാക്കി മാതൃകാപരമാണ് ചേലക്കര മണ്ഡലമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

മണ്ഡലത്തിൽ

ആകെ കൃഷിയോഗ്യമായ ഭൂമി - 12891 ഹെക്ടർ

ഇതിൽ ജൈവകൃഷിയുള്ളത് - 7887 ഹെക്ടറിൽ

മൊത്തം ജൈവ കൃഷി വിസ്തൃതി - 61.17 ശതമാനം

മണ്ഡലത്തിലെ ജൈവരീതി പിന്തുടരുന്നത് - 9059 പേർ

തരിശ് രഹിതമാക്കുന്നതിനുള്ള പദ്ധതികൾ

• തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ 39 ശതമാനം കാർഷിക മേഖലയ്ക്ക് മാറ്റിവയ്ക്കൽ
• സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം, വിപണനം എന്നിവയ്ക്കായി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ചക്ക സംസ്‌കരണ പ്ലാന്റ്
• തനത് നാടൻ നെല്ലിനങ്ങൾ, നാടൻ പശുക്കൾ എന്നിവയുടെ ജൈവ വൈവിദ്ധ്യം കാത്തുസൂക്ഷിക്കുന്ന പാടശേഖരങ്ങൾ
• ജൈവ ഉത്പന്നങ്ങളുടെ വിപണനം ഉറപ്പ് വരുത്തുന്ന ഇക്കോ ഷോപ്പുകൾ, ആഴ്ചച്ചന്തകൾ, ഞാറ്റുവേല ചന്തകൾ എന്നിവയുടെ മികച്ച പ്രവർത്തനം
• കേന്ദ്ര- സംസ്ഥാന പദ്ധതികളായ പി.എം.കെ.എസ്.വൈ, ആർ.കെ.വി.വൈ, വി.ഡി.പി, എം.ഐ.ഡി.എച്ച്, പി.കെ.വി.വൈ, കേരഗ്രാമം പദ്ധതി, സി,ഡി.പി, അഗ്രോ സർവ്വീസ് സെന്റർ, കർഷക കർമ്മ സേന, എന്നീ പദ്ധതികളുടെ മികച്ച സമുന്വയം
• ഭൗമ സൂചികാ പദവി ലഭിച്ച ചെങ്ങാലിക്കോടൻ നേന്ത്രക്കായയുടെ വർദ്ധിച്ച തോതിലുള്ള കൃഷി
• പൊതുജനങ്ങളിലും കർഷകരിലും ജൈവ കൃഷിയുടെ അവബോധവും പ്രധാന്യവും അറിയിക്കുന്നതിന് മണ്ഡലത്തിലെ എം.എൽ.എ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ ഇടപെടലും സേവനങ്ങളും