ചേർപ്പ്: സംസ്ഥാന സർക്കാരിന്റെ മികച്ച ഗ്രൂപ്പ് കൃഷി സംഘത്തിനുള്ള നെൽക്കതിർ പുരസ്‌കാരം നേടിയ ആലപ്പാട്, പള്ളിപ്പുറം പാടശേഖര സമിതിക്ക് കാർഷിക വിജയഗാഥയുടെ തിളക്കം. പാറളം, ചാഴൂർ പഞ്ചായത്തുകളിലായി 487 ഏക്കറിൽ കിടക്കുന്ന കോൾ പടവിൽ ആകെ 520 തോളം കർഷകരാണുള്ളത്. പടവിൽ 50 ഏക്കറിൽ ജൈവക്കൃഷിയുമുണ്ട്. ഒത്തൊരുമയുടെ ബലത്തിലാണ് സംസ്ഥാന സർക്കാരിന്റെ മികച്ച ഗ്രൂപ്പ് ഫാമിംഗ് സമിതിക്കുള്ള പുരസ്‌കാരം (5 ലക്ഷം രൂപ) പള്ളിപ്പുറം ആലപ്പാട് കോൾ കൃഷി സഹകരണ സംഘം നേടിയെടുത്തത്. പടവ് കമ്മിറ്റി പ്രസിഡന്റ് സി.എസ് പവനൻ, സെക്രട്ടറി വി.എ. ബാലസുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പാടശേഖര സമിതി പ്രവർത്തിക്കുന്നത്. 50 ഏക്കറിലെ ജൈവക്കൃഷി പടവിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘം ഭാരവാഹികൾ. ഒപ്പം ഇരിപ്പൂ കൃഷി തിരികെ കൊണ്ടുവരാനുള്ള നീക്കവുമുണ്ട്.