keralakaumudi

തൃശൂർ: ശബരിമല ക്ഷേത്രത്തിന് മാത്രമായി സവിശേഷമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടെന്നും എല്ലാ ആചാരങ്ങളെയും വൈവിദ്ധ്യങ്ങളെയും ബഹുമാനിക്കണമെന്നും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് പറഞ്ഞു.
കേരളകൗമുദി തൃശൂർ എഡിഷന്റെ പതിനഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് അയ്യന്തോൾ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന 'കിസ്‌ന ഡയമണ്ട് ജുവലറി - കേരളകൗമുദി - വിനീത് ശ്രീനിവാസൻ കൗമുദി നൈറ്റ് ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നല്ല കാഴ്‌ചപ്പാടും ആദർശവുമുള്ള ജനങ്ങളാണ് കേരളത്തിലുള്ളത്. ഇവിടുത്തെ സ്ത്രീകൾ പുരോഗമന സ്വഭാവമുള്ളവരാണ്. കേരളത്തിൽ സ്ത്രീ വിവേചനം ഉണ്ടെന്ന് പറയുന്നത് തന്നെ നാണക്കേടാണ്. ആന്ധ്രപ്രദേശിൽ നിന്നാണ് താൻ വരുന്നത്. അവിടെ നിരവധി അയ്യപ്പക്ഷേത്രങ്ങൾ ഉണ്ട്. അവിടെ ആർക്കും പോകാം. അതുപോലെയല്ല എല്ലാ അയ്യപ്പ ക്ഷേത്രങ്ങളും. സമത്വത്തിലും പുരോഗമന ചിന്താഗതിയിലും ഉറച്ചുനിൽക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടു തന്നെ എല്ലാ വിഭാഗങ്ങളുടെയും മതവികാരം മാനിക്കണം. തങ്ങളുടെ വിശ്വാസത്തിൽ ഉറച്ച് നിൽക്കാൻ എല്ലാവർക്കും അവകാശമുണ്ട്.
സ്വാമി വിവേകാനന്ദൻ കേരളത്തെക്കുറിച്ച് പണ്ട് പറഞ്ഞത് അയിത്തത്തിനെതിരെയായിരുന്നു. എന്നാൽ ശ്രീനാരായണ ഗുരുദേവനും ഗാന്ധിജിയുമെല്ലാം ചേർന്ന് കേരളത്തിന് പരിവർത്തനം നൽകി. സാമൂഹികമായ ഐക്യമുണ്ടായി. അത് നിലനിറുത്താൻ എല്ലാ സംഘടനകൾക്കും മതവിഭാഗങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. കേരളകൗമുദി അടക്കമുള്ള പത്രസ്ഥാപനങ്ങളും ആ ഐക്യത്തിനും ദേശീയ ഏകത്വത്തിനും വേണ്ടിയാണ് നിലകൊള്ളുന്നത്. കേന്ദ്രസർക്കാർ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്നുണ്ട്. ദേശീയ പുരോഗതിക്കായുള്ള ഇത്തരം പ്രവർത്തനങ്ങളും കേരളകൗമുദി ഏറ്റെടുക്കണം. കൂടുതൽ പ്രചാരത്തോടെ എഡിഷനുകളോടെ കേരളകൗമുദി വളരുന്നതിൽ സന്തോഷമുണ്ട്.
കേരളത്തിലെ മാദ്ധ്യമങ്ങളുമായി തനിക്ക് വലിയ ബന്ധമില്ല. കേരളകൗമുദിയെക്കുറിച്ച് ചില സുഹൃത്തുക്കൾ തന്നോട് പറഞ്ഞു. ശ്രേഷ്ഠമായ കേരളകൗമുദിയുടെ ചരിത്രം തിരിച്ചറിഞ്ഞു. വാണിജ്യ സംരംഭമായല്ല, സാമൂഹിക പരിഷ്‌കരണത്തിനും സാമൂഹിക വിപ്ലവത്തിനും മുന്നിട്ടിറങ്ങിയ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ യാഥാർത്ഥ്യമാക്കാനാണ് കേരളകൗമുദി ആരംഭിച്ചത്. ശ്രീനാരായണ ഗുരുവും ആദിശങ്കരനുമെല്ലാം എല്ലാവരും ഒന്നാണെന്നും ദൈവവും മനുഷ്യനും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും മനസിലാക്കിത്തന്നു. ജാതിഭേദങ്ങളെ തുടച്ചുനീക്കിയ ഗുരുദേവൻ, ക്ഷേത്രത്തിൽ കണ്ണാടി പ്രതിഷ്ഠ നടത്തിയത് നിങ്ങളിൽ തന്നെ ദൈവം ഉണ്ട് എന്ന് തിരിച്ചറിയിക്കാനാണ്. പ്രമുഖ ദിനപത്രമായി നൂറു വർഷത്തിലേറെയായി കേരളകൗമുദി നിലകൊള്ളുകയാണ്. ആദിശങ്കരൻ എന്ന ആദ്യ സാമൂഹിക പരിഷ്‌കർത്താവിന്റെ നാട്ടിലാണ് കേരളകൗമുദി തുടങ്ങിയതെന്നും ഓർക്കണം. ഡിജിറ്റിൽ, ടെലിവിഷൻ മേഖലകളിലും ഇന്ന് കേരളകൗമുദി സ്ഥാനമുറപ്പിച്ചു. മത, രാഷ്ട്രീയ മേഖലയിലുള്ളവരും സാധാരണക്കാരും സ്വതന്ത്രമാദ്ധ്യമങ്ങളും അടക്കമുള്ളവർ ഒന്നിക്കുന്ന വേദിയാണിതെന്നും റാം മാധവ് പറഞ്ഞു.